പൂഞ്ഞാറിൽ വൈദികന് വാഹനം ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ എൻ ഐ എ അന്വേഷണം വേണമെന്ന് പ്രസ്താവന ഇറക്കിയ കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. എൻ ഐ എ അന്വേഷണം ആവശ്യപ്പെടാൻ തക്ക എന്ത് കുറ്റമാണ് കുട്ടികൾ ചെയ്തതെന്ന് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കണമെന്നു ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ പോലും ആവശ്യപ്പെടാത്ത കാര്യമാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടത് എന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എംപി അടക്കമുള്ളവർ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം. വിഷയത്തിൽ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പക്വതയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്ന് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് അനസ് നാസർ കുറ്റപ്പെടുത്തി.
പൂഞ്ഞാർ വിഷയം ചർച്ച ചെയ്യാനായി മണ്ഡലം കമ്മിറ്റി കൂടിയിട്ടില്ലെന്നും ജനശ്രദ്ധ കിട്ടാനായി എൻഐഎ അന്വേഷണം വേണമെന്ന് ടൈപ്പ് ചെയ്തയാൾ കൂട്ടിച്ചേർത്തത് ആണെന്നും ആണ് മണ്ഡലം പ്രസിഡന്റ് റോജി തോമസിന്റെ വിശദീകരണം. മാധ്യമങ്ങൾക്ക് വാർത്ത നൽകിയത് മണ്ഡലം പ്രസിഡന്റ് ആണ് . ടൈപ്പ് ചെയ്തയാൾ കൂട്ടിച്ചേർത്തത് ആണെങ്കിൽ അത് തിരുത്തിയല്ലെ മാധ്യമങ്ങൾക്ക് നൽകേണ്ടത് എന്നാണ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് ചോദിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments