വെള്ളികുളം: സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി 14 ബുധൻ ഉച്ചകഴിഞ്ഞ് 2.30-ന് വെള്ളികുളം പാരിഷ് ഹാളിൽ നടക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി ജെയിംസ് പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് പഠനത്തിലും വിവിധ മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും റിട്ട. പോലീസ് ഐ.ജിയും പൂർവ വിദ്യാർത്ഥിയുമായ എ. വി. ജോർജ്, മലയാളഭാഷാ മാർഗ്ഗനിർദ്ദേശകവിദഗ്ധസമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ചാക്കോ സി. പൊരിയത്ത്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തീക്കോയി ഡിവിഷൻ മെമ്പർ ഓമന ഗോപാലൻ, പൂർവ വിദ്യാർത്ഥിനിയും ബ്ലോക്ക് പഞ്ചായത്ത് വാഗമൺ ഡിവിഷൻ മെമ്പറുമായ ശ്രുതി പ്രദീപ്, വാർഡ് മെമ്പർ ബിനോയി ജോസഫ്, പി. റ്റി .എ. പ്രസിഡൻ്റ് ഡയസ് എം. ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ ദിയ മരിയ ബിജു കൃതജ്ഞതയും നേർന്ന് സംസാരിക്കും.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. നേവി ജോർജ്, വെള്ളികുളം സ്കൂളിന് ആദ്യമായി ഫസ്റ്റ് ക്ലാസ് നേടിത്തന്ന 1972 ബാച്ചിലെ കെ.ഗോപാലകൃഷ്ണൻ, പൂർവ വിദ്യാർത്ഥികളിൽ ഏറ്റവും സീനിയർ ആയ തോമസ് ചാക്കോ പാലക്കുഴയിൽ, പൂർവ വിദ്യാർത്ഥികളായ സിസ് റ്റേഴ്സിൽ ഏറ്റവും സീനിയർ ആയ സി.ടെ സീന ടോം കാരക്കാ വയലിൽ എന്നിവരെ യോഗത്തിൽ പ്രത്യേകമായി ആദരിക്കും.
വിവിധ മേഖലകളിൽ ശ്രദ്ധേയരായ നാല് പൂർവ വിദ്യാർത്ഥികളെ 2024 ജനുവരി 13 ന് ചേർന്ന പൂർവ വിദ്യാർത്ഥി സമ്മേളനത്തിൽ പ്രത്യേകം ആദരിച്ചിരുന്നു.
ഇടവക വികാരിയായിരുന്ന ഫാ. ജോൺ പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് 1949- ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പ്രൈമറി സ്കൂൾ ആയി പ്രവർത്തനമാരംഭിക്കുകയും പിന്നീട് അന്നത്തെ സ്കൂൾ മാനേജർ ഫാ. ജോൺ പ്ലാക്കീലിന്റെ പ്രയത്നത്താൽ 1960 - ൽ യു.പി സ്കൂളായും തുടർന്ന് മാനേരായിരുന്ന ഫാ. പോൾ പഴയമ്പള്ളിയുടെ ശ്രമഫലമായി 1968 - ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടതിന്റെ സുവർണ്ണ ജൂബിലി 2017- '18 അധ്യയന വർഷത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. എഴുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് സമാരംഭിച്ച് ഇന്ന് വിദ്യാലയമുത്തശ്ശിയായി മാറിയ ഈ സ്ഥാപനം ഇതുവരെ ഏഴായിരത്തിലധികം പേർക്ക് വിദ്യയുടെ വെളിച്ചവും ധാർമിക ബോധ്യങ്ങളും പകർന്നു നൽകി തലയെടുപ്പോടെ അതിൻറെ കർമ്മമണ്ഡലത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments