ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. തമോഗര്‍ത്തങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്റേ പോളാരിമീറ്റര്‍ ഉപഗ്രഹമാണിത്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എല്‍വി സി-58 ആണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്.
പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. അഞ്ചു വര്‍ഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം. യുഎസ് മാത്രമേ ഇതിനുമുന്‍പ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021ലാണ് നാസ എക്‌സ്റേ പോളാരിമീറ്റര്‍ ഉപഗ്രഹം വിക്ഷേപിച്ചത്. 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'വി-സാറ്റ്' ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണു കൂട്ടത്തിലുള്ളത്.
ലോകത്തെ രണ്ടാമത്തെ എക്‌സറേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണിത്. പോളിക്‌സ്, എക്‌സ്‌പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3, സൗരദൗത്യമായ ആദിത്യ എല്‍-1 എന്നിവയ്ക്കു പിന്നാലെയാണു തമോഗര്‍ത്തങ്ങളിലേക്കും ഐഎസ്ആര്‍ഒ നോട്ടമിടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments