പാലായിലും സമീപ പഞ്ചായത്തുകളിലും വളരെ വേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനവും നിയന്ത്രണ മാർഗങ്ങളും ശാസ്ത്രീയമായി വിവരിക്കുന്ന ശില്പശാല പാലാ സെൻറ് തോമസ് കോളേജിൽ വച്ച് നടത്തപ്പെട്ടു. സുവോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ ശിൽപശാല പാലാ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.
ആഫ്രിക്കൻ ഒച്ച് ഇന്ന് കേരളത്തിൽ എല്ലാ ജില്ലയിലും കാണപ്പെടുന്നു. കിഴക്കേ ആഫ്രിക്ക സ്വദേശമായ ഇവ ലോകത്തിലെ 80 ൽ പരം രാജ്യങ്ങളിൽ വ്യാപനം നടത്തിയിരിക്കുന്നു. ഒരു കാർഷിക കീടം എന്നതിൽ ഉപരിയായി ഇവ നമ്മുടെ നാട്ടിലെ തനത് സസ്യങ്ങൾക്കും ഒരു ഭീഷണി ആണ്. ഉയർന്ന പ്രത്യുത്പാദനം, ഇവയെ ഭക്ഷിക്കുന്ന മൃഗങ്ങളുടെ അഭാവം, വളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും യോജിച്ച കാലാവസ്ഥ, വിവിധ തരം സസ്യങ്ങളും മറ്റു വസ്തുക്കളും ഭക്ഷണമാക്കുവാൻ ഉള്ള കഴിവ് തുടങ്ങിയ കാരണങ്ങളാൽ സസ്യ സമ്പത്ത് ധാരാളമുള്ള കേരളത്തിൽ ഇവ വളരെ വേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ തനത് സസ്യങ്ങൾക്കും, ഒച്ചു ഇനങ്ങൾക്കും ഒരു ഭീഷണി ഉയർത്തുന്നത് കൂടാതെ മനുഷ്യരിൽ മാരകമായ തലച്ചോറിലെ മെനിൻജ്ജയിറ്റിസ് രോഗം ഉണ്ടാക്കുന്ന വിരകളുടെയും മറ്റു കീടാണുക്കളുടെ വാഹകരായും ഇവ വലിയ ഭീഷണി ആണ് ഉയർത്തുന്നത് എന്ന് മുഖ്യ പ്രഭാഷകനായ ഡോ. പ്രദീഷ് മാത്യു അറിയിച്ചു.
ശിൽപശാലയുടെ ഭാഗമായി ജീവനുള്ള ആഫ്രിക്കൻ ഒച്ചുകളേയും, അവയുടെ വിവിധ വലുപ്പത്തിലുള്ള തോടുകളും ശിൽപശാലയിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. അത്യന്തം അപകടകാരികളായ ഇവയെ നിർമാർജനം ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണെന്നും, ഇതിന് വേണ്ടി ഉള്ള വിവിധ കർമ പദ്ധതികൾ പാലാ മുനിസിപ്പാലിറ്റിയും, മുത്തോലി, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഉടനടി നടപ്പിലാക്കുമെന്നും സുവോളജി വിഭാഗം മേധാവി ഡോ. മാത്യു തോമസും, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോണും അറിയിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. സാൽവിൻ കാപ്പിലി പറമ്പിൽ അന്ധ്യക്ഷത വഹിച്ച യോഗത്തിൽ വാലാ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ. ജിമ്മി ജോസഫ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുത്തോലി, ഭരണങ്ങാനം പഞ്ചായത്ത് അംഗങ്ങൾക്കും, പാലാ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലേഴ്സിനും, സെന്റ് തോമസ് കോളേജിലെയും, പാലാ അൽഫോൻസാ കോളേജിലേയും സുവോളജി വിദ്യാത്ഥികൾക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. സുവോളജി വിഭാഗം അധ്യാപകൻ ഡോ.പ്രദീഷ് മാത്യു ക്ലാസ്സ് നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments