ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നതോടെ ഓരോ ഭാരതീയൻ്റെയും യശസ്സും അഭിമാനവും വർദ്ധിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ ശ്രീരാമ ജന്മ സ്ഥാൻ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ
ചടങ്ങുകളുടെ ഭാഗമായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന സത്സംഗത്തിലും പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയം പ്രദർശനത്തിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമചന്ദ്രനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനസമൂഹമാണ് കേരളത്തിലുള്ളത്. ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കേരളം ഒന്നാകെ അവേശത്തോടെ മുന്നോട്ടു വന്നു. മുസ്ലീം ക്രിസ്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. ഇത് ഇരട്ടിമധുരമാണെന്നദ്ദേഹം തുടർന്നു. ഹൃദയങ്ങൾ തമ്മിലുള്ള ഈ ഐക്യവും ഏകതയും കേരളത്തിലെ ഓരോ വീടുകളിലേക്കും എത്തട്ടെയെന്നും ഐക്യം, സാഹോദര്യം, ഭക്തി എന്നിവ എല്ലാവരിലും നിറയട്ടെയെന്നും കെ.സുരേന്ദ്രൻ ആശംസിച്ചു.
രാവിലെ 10 മണിക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിയ സംസ്ഥാന അദ്ധ്യക്ഷനെ രാമപുരം ക്ഷേത്ര സമിതി പ്രസിഡന്റ് രഘുനാഥൻ കടന്നൂർമന ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് നാലമ്പല ദർശനവും പൂർത്തിയാക്കിയ ശേഷമായിരുന്നു സമ്മേളനം. രഘുനാഥൻ കുന്നൂർമന അദ്ധ്യക്ഷനായി. നാലമ്പല ദർശന സമിതി പ്രസിഡന്റ് പി.ആർ. രാമൻ നമ്പൂതിരി, സോമനാഥൻ നായർ അക്ഷയ, ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോർജ്ജ് കുര്യൻ, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി വിജയകുമാർ, രൺജിത്ത് ജി.മിനാഭവൻ,പി.പി. നിർമ്മലൻ, ആർഎസ്എസ് പൊൻകുന്നം സംഘജില്ല ബൗദ്ധിക പ്രമുഖ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ജില്ലാ നേതാക്കളായ സോബിൻലാൽ, ഡോ. ശ്രീജത്ത്, പാലാ മണ്ഡലം നേതാക്കളയ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. ജി.അനീഷ്, പി.ആർ.മുരളീധരൻ, ജയൻ കരുണാകരൻ, അജി കെ. എസ്, രാമപുരം പഞ്ചായത്ത് ബിജെപി ഭാരവാഹികളായ ദീപു സി,ജിജി സജീവ് കുമാർ വിഭാഗ് സഹ കാര്യവാഹ്, മനീഷ് ഹരിദാസ് ജില്ല സഹകാര്യവാഹ്, ഹരികൃഷ്ണൻ ഖണ്ഡ് സഹ കാര്യവാഹ്, സുരേഷ്, ബി.രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജയും ആരതിയും അന്നദാനവും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments