ഭരണങ്ങാനം കൂറ്റനാട് കടവ് കേന്ദ്രീകരിച്ച് മണൽവാരൽ വ്യാപകമാകുന്നു. ദിവസങ്ങളായി രാത്രിയുടെ മറവിൽ ലോഡ് കണക്കിന് മണലാണ് ഇവിടെ നിന്നും ചാക്കുകളിൽ നിറച്ച് കയറ്റി പോകുന്നത്. ഇത് സംബന്ധിച്ച് അധികാരികൾക്ക് ചിത്രങ്ങൾ അടക്കം പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മീനച്ചിൽ നദീസംരക്ഷണസമിതിയുടെ പ്രാദേശീക ജാഗ്രതാഘടകമായ മീനച്ചിലാർ കാവൽമാടം ഭരണങ്ങാനം യൂണിറ്റിലെ പ്രവർത്തകർ പോലീസിലും റവന്യൂ വകുപ്പിലും വിവരങ്ങൾ നൽകിയിരുന്നു. മണൽ വാരി ചാക്കിൽ നിറയ്ക്കുന്ന വിവരം, നൂറുകണക്കിന് മണൽ ചാക്കുകളുടെ ചിത്രങ്ങൾ, അത് കടത്താൻ കടവിൽ ടിപ്പർ ലോറി എത്തിയത് അടക്കം കാവൽമാടം പ്രവർത്തകർ പോലീസിൽ അറിയിച്ചു. പക്ഷെ, ലോഡ് കണക്കിന് മണലാണ് തുടർച്ചയായ രാത്രികളിൽ കടത്തിയത്.
ഇന്നലെ വ്യക്തമായ വിവരങ്ങൾ പാലാ RDO യെ മീനച്ചിൽ നദീസംരക്ഷണ സമിതി നേരിട്ട് അറിയിച്ച് നടപടികൾ ആവശ്യപ്പെട്ടിരുന്നു. യാതൊരു തുടർ പ്രതികരണവും ഉണ്ടായില്ല. കാവൽമാടം പ്രവർത്തകർ കടവിൽ കാവലുണ്ടായിരുന്നതിനാലാണ് ഇന്ന് മണൽ കടത്ത് നടക്കാതിരുന്നത്. പ്രളയത്തിന് ശേഷവും ജനകീയ പരിശോധനകളിൽ മുൻകാലങ്ങളെക്കാൾ ആഴം കൂടിയതായി ബോധ്യപ്പെട്ട കടവുകളും പുഴയിടങ്ങളുമാണിതൊക്കെ. പൊതുസമ്പത്തിനോടും നിയമവ്യവസ്ഥയോടും റവന്യൂ വകുപ്പിനില്ലാത്ത ജാഗ്രതയാണ് കാവൽമാടം പ്രവർത്തകർ കാട്ടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments