പുരാതനമായ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണിക്ക് 'മൈക്കിൾ നാമധാരി സംഗമം' നടക്കുന്നു. പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന ആഘോഷപൂർവ്വമായ പരിശുദ്ധ കുർബാനയോടെ സംഗമത്തിന് തുടക്കമാകും. തുടർന്ന് സന്ദേശവും നേർച്ച വിതരണവും ഉണ്ടായിരിക്കും. ദുഃഖിതരുടെ മനമറിയുന്ന മുഖ്യദൂതനായ വിശുദ്ധ മിഖായേൽ ആണ് പ്രവിത്താനം ദേവാലയത്തിൽ പ്രധാന മധ്യസ്ഥനായി വണങ്ങപ്പെടുന്നത്.
ദൈവത്തിന്റെ സ്വർഗീയ സൈന്യങ്ങളുടെ തലവനായ മിഖായേൽ മാലാഖയെ പൈശാചിക ശക്തികളിൽ നിന്ന് സംരക്ഷണം ഏകുന്ന വിശുദ്ധനായാണ് സഭ ആദരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് വിശുദ്ധന്റെ തിരുസ്വരൂപം പ്രവിത്താനം ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്.
പ്രവിത്താനത്തും സമീപപ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ ധാരാളം ആളുകൾ വിശുദ്ധന്റെ മധ്യസ്ഥം തേടി ബുധനാഴ്ചതോറും നടക്കുന്ന വിശുദ്ധ കുർബാനയിലും, നൊവേനയിലും, എണ്ണ ഒഴിക്കൽ ശുശ്രൂഷയിലും പങ്കെടുക്കാനായി ഈ ദൈവാലയം സന്ദർശിച്ചു വരുന്നു.
ഓരോ വിശ്വാസിക്കും മാമോദീസയിലൂടെ തനിക്കു ലഭിക്കുന്ന വിശുദ്ധന്റെ പേര് അനുസ്മരിക്കാനും ആ വിശുദ്ധനെ ആദരിക്കാനും കടമയുണ്ട്.ഈ പശ്ചാത്തലത്തിലാണ് ജനുവരി 24 ന് നടക്കുന്ന 'മൈക്കിൾ നാമധാരി സംഗമം' ശ്രദ്ധേയമാകുന്നത്.
വികാരി വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുറപ്പശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജനം ഒന്നാകെ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന പ്രത്യേക പ്രാർത്ഥനകളോടെ ഈ മഹാ സംഗമത്തിന് ഒരുങ്ങിക്കഴിഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments