പാലായില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരള സദസില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചുതുടങ്ങി. മന്ത്രിമാര്‍ എത്തുന്നത് ആറുമണിയോടെ ആണെങ്കിലും കൃത്യം രണ്ട് മണിയോടെ തന്നെ പരാതി സ്വീകരണ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 25 കൗണ്ടറുകളാണ് പരാതികള്‍ സ്വീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.
100 കണക്കിനാളുകളാണ് വിവിധ വിഷയങ്ങളില്‍ പരിഹാരം തേടി നവകേരള സദസിലെത്തിയത്. സ്ത്രീകളും പ്രായമായവരും അടക്കം തങ്ങളുടെ കാലങ്ങളായുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് അന്തിമതീര്‍പ്പ് ആഗ്രഹിച്ച് പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ എത്തിയത്. പരാതികളുമായെത്തിയവര്‍ക്കായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഏത് കൗണ്ടറുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ സ്വീകരിച്ച് രസീത് നല്കും. ഇവ അതാത് സെക്ഷനുകളിലേയ്ക്ക് അയച്ച് പരമാവധി 45 ദിവസത്തിനകം പരിഹാരം എന്നാണ് അറിയിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തയാറാക്കിയിട്ടുണ്ട്. കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ലഭ്യമാണ്. സേവനവുമായി ഹരിതകര്‍മ സേനയും രംഗത്തുണ്ട്. സംഘാടക സമിതി ചെയര്‍മാനായ തോമസ് ചാഴിക്കാടന്‍ എം.പി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജോസ് കെ മാണി എം.പി രാവിലെ പന്തല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
അതേസമയം, കനത്ത പോലീസ് സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നഗരത്തിലെമ്പാടുമുള്ളത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments