ഭരണങ്ങാനത്ത് വെള്ളപ്പാച്ചിലിൽ കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന് വേണ്ടിയുള്ള തിരച്ചിൽ രാത്രി 8 മണിയോടെ അവസാനിപ്പിച്ചു. രാത്രി വൈകിയതും തണുപ്പും കാരണമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ തിരച്ചിൽ വീണ്ടും ആരംഭിക്കും.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ കുട്ടി അപകടത്തിൽ പെട്ടത്. ഈ തോട് ഒഴുകിയെത്തുന്നത് മീനച്ചിലാറിലേയ്ക്കാണ്. ഭരണങ്ങാനം പടിഞ്ഞാറെ പൊരിയത്ത് അലക്സ് (സിബിച്ചൻ) ന്റെ മകൾ ഹെലനാണ് റോഡിലേക്ക് കവിഞ്ഞൊഴുകിയ വെള്ളത്തിൽ അകപ്പെട്ടത്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.
ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം, ടീം എമർജൻസി അംഗങ്ങളും തെരച്ചിൽ പങ്കാളികളായി. കുട്ടിയെ കാണാതായ കുന്നംകുഴി ഭാഗം മുതൽ കുന്നേമുറി ഭാഗം വരെ തെരച്ചിൽ നടന്നു. കുന്നേമുറി ഭാഗത്തുനിന്നും 100 മീറ്റർ മാത്രമാണ് മീനച്ചിലാറിലേക്ക് ഉള്ളത്. മീനച്ചിലാറിലേക്ക് ഒഴുകിപ്പോയോ എന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കുണ്ട്.
കുന്നേമുറി പാലത്തിനും സമീപം തോടിനു കുറുകെ വല കെട്ടിയ ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തകർ മടങ്ങിയത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ , ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് , തഹസിൽദാർ ജോസുകുട്ടി കെ എം , ആർ ഡി ഓ രാജേന്ദ്ര ബാബു , പാല പോലീസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments