മീനച്ചിലാറിലെ പ്രളയം തടയാനും നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും പഠനം നടത്തുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ജലജീവൻ മിഷന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ 71.39 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം വലവൂർ സർവീസ് സഹകരണ ബാങ്ക് കൺവൻഷൻ സെന്ററിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി 9.55 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കനാൽ, ഡ്രെയിനേജ് ശൃംഖലകളിൽ സമ്പൂർണ പഠനം നടത്താനാണ് നിർദേശം. അശാസ്ത്രീയ നിർമിതി അടക്കമുള്ളവ പരിശോധിക്കും. പാലാ നഗരത്തിലടക്കം വർഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. ജലനിർഗമന സംവിധാനങ്ങളുടെ ടോപോഗ്രാഫിക്കൽ സർവേയും നടക്കും.
പാലാ മുതൽ വേമ്പനാട് കായൽ വരെ മുഴുവൻ കൈവഴികളും പഠനവിധേയമാക്കാനാണ് തീരുമാനം. മീനച്ചിലാറിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റു തടസങ്ങളും പഠനവിധേയമാക്കും. ഒഴുക്കിനെ തടസപ്പെടുത്തുന്ന അശാസ്ത്രീയ നിർമിതികളുണ്ടോയെന്നും പരിശോധിക്കും. ഏതെല്ലാം രീതിയിലാണ് ഒഴുക്ക് തടസപ്പെടുന്നതെന്ന് കണ്ടെത്താനാകും. ഒഴുകിയെത്തുന്ന വെള്ളം കായലിലേക്ക് പോകുന്നതിനു തടസമുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനന്തര നടപടികൾ സ്വീകരിക്കും. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും ജലസ്രോതസുകളും വിനിയോഗവും കണക്കാക്കുന്നതിനായി ജലബജറ്റ് തയാറാക്കുകയാണ്. ഇതനുസരിച്ചാണ് വിവിധ മേഖലയിലെ പദ്ധതികൾ പ്രാവർത്തികമാക്കുക. സംസ്ഥാനത്ത് 17 ലക്ഷം വീടുകളിലാണ് മുമ്പ് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നത്. നിലവിൽ 38 ലക്ഷം വീടുകളിൽ കണക്ഷൻ നൽകാനായി. മൊത്തംവീടുകളിലെ 51 ശതമാനത്തിലും കുടിവെള്ള കണക്ഷൻ നൽകിക്കഴിഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജലജീവൻ മിഷൻ-സാമൂഹിക ബോധനയജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ആമുഖപ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലിസമ്മ ബോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രിൻസ് അഗസ്റ്റ്യൻ, വൽസമ്മ തങ്കച്ചൻ, അഖില അനിൽകുമാർ, സീനാ ജോൺ, ആനിയമ്മ ജോസ്, മോളി ടോമി , സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, സാജു വെട്ടത്തേട്ട് ,, പാലാ ഐ.എസ്.എ -പി.എസ്.ഡബ്ലിയു.എസ് എക്സിക്യൂറ്റീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കെ.ഡബ്ല്യു.എ. ബോർഡംഗം ഷാജി പാമ്പൂരി, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം, വാട്ടർ അതോറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി.എസ് പ്രദീപ്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ-പി.എസ്.ഡബ്ല്യു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കുനാനിക്കൽ, പഞ്ചായത്ത് സെക്രട്ടറി കെ ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുഞ്ഞുമോൻ മാടപ്പാട്ട്, ജീൻസ് ദേവസ്യ, എൻ.റ്റി സജി, കെ.എസ്. രമേശ് ബാബു, ടോമിൻ കെ. അലക്‌സ് എന്നിവർ പങ്കെടുത്തു.
പദ്ധതിക്കായി 10 സെന്റ് സ്ഥലം സൗജന്യ നിരക്കിൽ നൽകിയ ബേബി തോമസ് പാലാതൊടുകയിലിനെയും ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ ,കോർഡിനേറ്റർ ഷീബാ ബെന്നിയേയും സമ്മേളനത്തിൽ മെമന്റോ നൽകി ആദരിച്ചു.
5644 കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ
കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകൾക്കും വലവൂർ ഐ.ഐ.ഐ.ടി.ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. 5644 കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ ലഭിക്കും. ആറു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ ജല അതോറിറ്റി നിർമിച്ച സ്രോതസിൽനിന്നാണ് ജലം എത്തിക്കുക. ജലവിതരണത്തിനായി നിലവിലുള്ള ജലസംഭരണികൾക്കു പുറമേ ഐ.ഐ.ഐ.ടി. കാമ്പസിൽ അഞ്ചുലക്ഷം ലിറ്ററിന്റെയും വലവൂരിൽ ആറു ലക്ഷം ലിറ്ററിന്റെയും സംഭരണികൾ നിർമിക്കും. 132.92 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖല പൈപ്പ് ലൈനുകളും 16.24 കിലോമീറ്റർ നീളത്തിൽ വെള്ളമെത്തിക്കാനുള്ള പമ്പിംഗ് ലൈനുകളും സ്ഥാപിക്കും. അടുത്തവർഷം ഡിസംബറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments