Latest News
Loading...

മൂന്നിലവ് തീപിടുത്തം: ഉത്തരവാദി സർക്കാരെന്ന് മാണി സി കാപ്പൻ




പാലാ: മൂന്നിലവ് പഞ്ചായത്തിലെ സ്വകാര്യ ലാറ്റെക്സ് ഫാക്ടറിയിലെ വൻ തീപിടുത്തം അണയ്ക്കുന്നതിന് സംഭവസ്ഥലത്ത് ഫയർഫോഴ്സിന് എത്താൻ സാധിക്കാതെ വന്നത് സർക്കാരിൻ്റെ അനാസ്ഥമൂലമാണെന്ന് മാണി സി കാപ്പൻ എം എൽ എ കുറ്റപ്പെടുത്തി. കടവുപുഴ പാലം തകർന്നു കിടക്കുന്നതുമൂലമാണ് ഫയർഫോഴ്സ് വാഹനങ്ങൾക്കു ഈ മേഖലയിൽ എത്താനാവാത്തത് ദുരന്ത വ്യാപ്തി വർദ്ധിപ്പിച്ചതായി എം എൽ എ ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു കിടക്കുന്ന പാലം നന്നാക്കണമെന്ന് നിരവധി തവണ സർക്കാരിനെ സമീപിച്ചതാണ്. ബജറ്റ് നിർദ്ദേശങ്ങളിൽ ഏറ്റവും മുൻഗണനാ നിർദ്ദേശവും നൽകിയെങ്കിലും സർക്കാർ പരിഗണിച്ചതേ ഇല്ല. ചില്ലച്ചിപ്പാലത്തിന് അനുവദിച്ച തുക മാറ്റി നൽകണമെന്ന ആവശ്യവും സർക്കാർ നിരസിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി എൻ വാസവൻ മൂന്നിലവിൽ എത്തി പാലം സർക്കാർ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. 





പാലായോടും പ്രത്യേകിച്ച് കിഴക്കൻ മേഖലയോടുമുള്ള സർക്കാരിൻ്റെ വിരോധമാണ് പാലം പുനർനിർമ്മിക്കാത്തതിനു പിന്നിലെന്ന് മാണി സി കാപ്പൻ കുറ്റപ്പെടുത്തി. മൂന്നിലവിലെ ജനങ്ങളെ സർക്കാർ ബോധപൂർവ്വം അവഗണിച്ചതിൻ്റെ ഫലമാണ് തീപിടുത്തത്തിൽ ഫയർഫോഴ്സിന് മേഖലയിൽ എത്താൻ കഴിയാത്തത്. ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. രണ്ടു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന പാലം നിർമ്മിക്കാത്തതിനു യാതൊരു ന്യായീകരണവുമില്ല. ഒരു ജനതയോടുള്ള സർക്കാരിൻ്റെ പ്രതികാര രാഷ്ട്രീയമാണ് കാണാൻ കഴിയുന്നത്. വികസനകാര്യത്തിൽ രാഷ്ട്രീയം സർക്കാരിന് ഭൂഷണമല്ല. സർക്കാർ ദുർവാശി വെടിഞ്ഞ് അടിയന്തിരമായി പാലം പുനർനിർമ്മിക്കണമെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടു. സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധം നടത്തുകയും എം എൽ എ പറഞ്ഞു.

മൂന്നിലവിലെ ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ് കുറ്റപ്പെടുത്തി. സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments