പൂഞ്ഞാര്‍ കൈപ്പള്ളി റോഡിലെ വെള്ളാപ്പാറയിലുള്ള ബസ് കാത്തിരുപ്പുകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. മദ്യപാനം ഇവിടെ സ്ഥിരം സംഭവമാണെന്നാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നത്. രാത്രികാലങ്ങളില്‍ വാഹനസഞ്ചാരം കുറവുള്ള ഇവിടെ തെരുവിളക്കുകള്‍ ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകരമാവുകയാണ്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് വെള്ളപ്പാറ പ്രദേശം. പെരിങ്ങുളത്തുനിന്നുള്ള റോഡ് കൈപ്പളളി റോഡുമായി വന്നുചേരുന്നതും വെള്ളാപ്പാറയിലാണ്. ഈ റോഡ് നിര്‍മാണം പൂര്‍ത്തിയായി പതിറ്റാണ്ടുകള്‍ക്ക് ശേഷം ഏതാനും വര്‍ഷം മുന്‍പാണ് ഇവിടെ ബസ് കാത്തിരുപ്പ് കേന്ദ്രം പഞ്ചായത്ത് ഫണ്ട് മുടക്കി നിര്‍മിച്ചത്. മഴയും വെയിലുമേല്‍ക്കാതെ ആളുകള്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ ഇത് പ്രയോജനകരവുമായി.
എന്നാല്‍ നാളുകള്‍ക്കുള്ളില്‍ കാത്തിരുപ്പ് കേന്ദ്രം മദ്യപാനികളുടെ സ്ഥിരം കേന്ദ്രമാവുകയായിരുന്നു. നിരവധി മദ്യക്കുപ്പികളാണ് പരിസരമാകെ ചിതറിക്കിടക്കുന്നത്. സിഗരറ്റ് കുറ്റികളും ബിഡി പായ്ക്കറ്റുകളും കരിയിലയും നിറഞ്ഞ് ഉള്‍വശം വൃത്തിഹീനവുമാണ്. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചാല്‍ ഇത്തരക്കാരുടെ ശല്യം കുറയ്ക്കാനാകുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments