സീറ്റ് ബെല്‍റ്റ് , ക്യാമറ വിഷയങ്ങളില്‍ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച സമരം പാലായിലും പൂര്‍ണം. മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ബസ് സമരം പൂര്‍ണമായിരുന്നു. സ്വകാര്യ ബസ്സുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. ഇതോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തിരക്ക് അനുഭവപ്പെട്ടു. പാലാ ളാലം സ്റ്റാന്‍ഡും കൊട്ടാരമറ്റം സ്റ്റാന്‍ഡും വിജനമായിരുന്നു.
സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലും പ്രതിഷേധമുണ്ട്.
ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നും ഉടമകള്‍ ചൂണ്ടിക്കാണ്ടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments