കോട്ടയം: സംസ്ഥാനത്തിന്റെ ഭരണ മികവും വികസനക്ഷേമ പ്രവർത്തനങ്ങളുടെ മുന്നേറ്റവും ജനങ്ങളിൽ എത്തിച്ച് അവരുടെ ആശങ്കകൾ പരിഹരിച്ചു ഭാവിയിലേക്കുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ നേ തൃത്വത്തിൽ നടക്കുന്ന ബഹുജന സദസിന്റെ ലക്ഷ്യമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഡിസംബർ 13 ന് നടക്കുന്ന പാലാ നിയമസഭ നിയോജക മണ്ഡലം നവകേരള ബഹുജന സദസിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പാലാ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളം വിവിധ മേഖലകളിൽ ഇന്ത്യയ്ക്ക് മാതൃകയാണ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭവന നിർമാണം, വ്യവസായ സംരംഭം തുടങ്ങിയ മേഖലയിൽ കേരളം മുന്നിലാണ്. ജനങ്ങളാണ് ജനാധിപത്യത്തിൽ യജമാനൻമാരെന്ന സങ്കല്പം അർഥപൂർണമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജനകീയ പരിപാടിയാക്കി നവകേരളം ബഹുജന സദസിനെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഓരോ നിയോജക മണ്ഡലത്തിലും സംഘടിപ്പിക്കുന്ന നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മണിക്കൂർ ചെലവഴിക്കും. നിവേദനങ്ങൾ സമർപ്പിക്കുവാനുള്ള പ്രത്യേകം കൗണ്ടറുകൾ, പ്രാദേശിക കലാപരിപാടികൾ തുടങ്ങിയവ അവതരിപ്പിക്കും. ബഹുജനസദസ് സംഘടിപ്പിക്കുന്നതിനു മുൻപ് പഞ്ചായത്ത്, വാർഡ് തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കും. തോമസ് ചാഴികാടൻ എം.പി. സമിതി അധ്യക്ഷനായും പാലാ ആർ. ഡി. ഒ. പി. ജി. രാജേന്ദ്ര ബാബു ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുധാകരൻ(തലനാട്), സാജോ പൂവത്താനി(മീനച്ചിൽ), വിജി തമ്പി(കടനാട്),
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പാലാ ആർ.ഡി.ഒ. പി. ജി. രാജേന്ദ്രബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, മുൻ പി.എസ്.സി അംഗം അഡ്വ. വി.ടി. തോമസ്, ബാബു കെ. ജോർജ്, ഉദ്യോഗസ്ഥർ, സാംസ്‌കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments