Latest News
Loading...

മൂന്നാനി അപകടം: എഫ് ഐ ആറിൽ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ



പാലാ മൂന്നാനിയില്‍ അതിദാരുണമായ വാഹനാപകടത്തിനിടയാക്കിയ വാഹനമോടിച്ച വ്യക്തിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് സംശയം. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയത് ഇതിനാണെന്ന് സംശയിക്കുന്നു. പാലാ പോലീസിലെ ഒരു സിവില്‍ പോലീസ് ഓഫീസറുടെ ബന്ധുവായ വനിതയാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. 



അപകടം നടന്നയുടന്‍ ഈ പോലീസുകാരന്‍ സംഭവ സ്ഥലത്ത് എത്തുകയും പ്രശ്‌നത്തിലിടപെടുകയും ചെയ്തിരുന്നു. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ച നാട്ടുകാരോട് ഇയാള്‍ അപകടമുണ്ടാക്കിയ വ്യക്തിക്കനുകൂലമായ രീതിയില്‍ സംസാരിച്ചത് നാട്ടുകാരില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടാക്കുകയും നാട്ടുകാര്‍ ഇയാളുടെ നടപടിക്കെതിരെ വരികയും ചെയ്തിട്ടുണ്ട്. ദാരുണമായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സമീപവാസിയായ കുറ്റിയാനിയ്ക്കല്‍ ഷേര്‍ളി ഓടി മാറിയതുകൊണ്ട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്. 





അപകടം നടന്ന ശേഷം പരുക്കു പറ്റിയ ആളെ നാട്ടുകാരും അപകടമുണ്ടാക്കിയ വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് വിടുന്നതും ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും അപകടമുണ്ടാക്കിയ വനിത ഇറങ്ങി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

അതേസമയം, പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതെന്നും അതില്‍ പേര് വിവരങ്ങള്‍ ഉണ്ടാവണമെന്നില്ലെന്നും പോലീസ് വ്യക്തമാക്കി.



 സമീപത്തെ ഡയബറ്റിക് സെന്ററില്‍ നിന്നും ചികിത്സ നടത്തിയ ശേഷം ഇറങ്ങിയ ഇവരാണ് വാഹനമോടിച്ചതും ദാരുണമായ അപകടം വരുത്തി വച്ചതും. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നഗരസഭാ കൗണ്‍സിലംഗം സിജി ടോണി പോലീസുകാരന്റെ നടപടി പ്രതിഷേധാര്‍ഹം ആണെന്നും പറഞ്ഞു. അപകടത്തില്‍പ്പെട്ട പാലാ വാട്ടര്‍ അതോററ്റി ജീവനക്കാരന്‍ അനില്‍ ഗുരുതരമായ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അനിലിന്റെ നട്ടെല്ലിനു അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രകിയ പൂര്‍ത്തിയാക്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments