Latest News
Loading...

.എലിക്കുളം സമ്പൂര്‍ണ യു3എ പഞ്ചായത്ത്; പ്രഖ്യാപനം നാളെ



മുതിര്‍ന്ന പൗരന്‍മാരെ ജീവിതത്തിന്‍റെ ആഹ്ലാദകരമായ മൂന്നാം ഘട്ടത്തിലേക്ക് നയിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ(യു3എ) മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ ഘടകത്തിനു കീഴില്‍ എലിക്കുളത്തെ  നാളെ  സമ്പൂര്‍ണ യു3എ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും.

ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്‍റെ(ഐ.യു.സി.ഡി.എസ്) ആഭിമുഖ്യത്തില്‍ ഇന്ന് അസംബ്ലി ഹാളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സംഗമത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 104 യൂണിറ്റുകള്‍ രൂപീകരിച്ച സര്‍വകലാശാലയിലെ യു3എയുടെ പ്രാദേശിക തലത്തിലുള്ള വിപുലീകരണത്തിന്‍റെ ആദ്യ ഘട്ടമാണിത്.

രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഐ.യു.സി.ഡി.എസ് ഡയറക്ടര്‍ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിക്കും. എലിക്കുളം  ഗ്രാമപഞ്ചായത്തിലെ 16 ജനപ്രതിനിധികള്‍ക്കും ഐ.യു.സി.ഡി.എസ് നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 24 പേര്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ മുഖ്യ പ്രഭാഷണവും  യു3എ മെന്‍റര്‍ ഡോ. സി. തോമസ് ഏബ്രഹാം ആമുഖ പ്രഭാഷണവും നടത്തും.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. ബിജു തോമസ്, ഡോ. കെ.എം. സുധാകരന്‍, ഡോ. ആര്‍. അനിത, ഡോ. എ. ജോസ്, ഡോ. എസ്. ഷാജിലാ ബീവി, ഡോ. ബാബു മൈക്കിള്‍, ബിജു പുഷ്പന്‍, ജസ്റ്റിന്‍ ജോസഫ്, അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് ആന്‍റ് സസ്റ്റൈനബിള്‍ ഡവലപ്മെന്‍റ് ഡയറക്ടര്‍ പ്രഫ. എ.പി.തോമസ്, സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടോണി തോമസ്, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി, ഡോ. ഗ്രേസമ്മ മാത്യു, അഡ്വ. ഗീത സാരസ്  എന്നിവര്‍ സംസാരിക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments