ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പുറം പോക്ക് ഭൂമി വിട്ടു നൽകാതിരിക്കാനായി നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ടയെ അപമാനിച്ച കോട്ടയം പോലീസ് മേധാവിക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള അവാസ്തവമായ റിപ്പോർട്ട് തയാറാക്കിയത് എന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും, സർക്കാരും ബാധ്യസ്ഥരാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈരാറ്റുപേട്ടയിൽ പൊതുപ്രവർത്തനം നടത്തുകയും, പതിനഞ്ച് വർഷം എം പി എന്ന നിലയിൽ ഈ നാടിനെ പ്രതിനിധീകരിക്കുകയും ചെയ്ത എന്നെ പോലെ ഉള്ള നിരവധി പേർക്ക് ഇന്ന് വരെ ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ കൃത്രിമമായി കെട്ടിചമച്ചു ഈരാറ്റുപേട്ടയെ അപമാനിച്ച നടപടി ജനസമൂഹത്തിന്റെ ഹൃദയത്തിൽ ഉണ്ടാക്കിയത് ആഴത്തിലുള്ള മുറിവാണ്.
നിരവധി സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്നതിനായി അനുവദിച്ച മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം തടസ്സപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് അടിസ്ഥാന രഹിതമായ കാരണങ്ങൾ ഉന്നയിക്കുന്നത് ഈ നാടിനോട് ചെയ്യുന്ന വഞ്ചന ആണ്. സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിന്റെയും, പൂഞ്ഞാർ എം എൽ എയുടെയും നിരുത്തരവാദപരമായ നിലപാടിന്റെ ഫലമാണ് ഈ വസ്തുതാവിരുദ്ധമായ റിപ്പോർട്ട്. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന വടക്കേക്കരയിലെ സർക്കാർ ഭൂമി മിനി സിവിൽ സ്റ്റേഷൻ പണിയുന്നതിനായി വിട്ടു നൽകുന്നതിന് സർക്കാർ ഇടപെടണം.
മത ന്യൂനപക്ഷങ്ങൾ തിങ്ങി പാർക്കുന്ന ഈരാറ്റുപേട്ട കാരുണ്യ-സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായ, കോട്ടയം ജില്ലയിലെ ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന നാടാണ്. ഇത്തരത്തിൽ മനുഷ്യ സ്നേഹത്തിന് കരണീയ മാതൃകയായ ഒരു നാടിനെ വികലമായ റിപ്പോർട്ടിലൂടെ അപമാനിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും, പ്രസ്തുത റിപ്പോർട്ട് റദാക്കാൻ സർക്കാർ ഇടപെടുകയും ചെയ്യണം. വർഷങ്ങളായി അവഗണന നേരിടുന്ന കോട്ടയം ജില്ലയുടെ മലയോര പ്രദേശങ്ങളുടെ വികസന കുതിപ്പിനായി ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് പ്രഖ്യാപിക്കണം. മാത്രമല്ല ഈരാറ്റുപേട്ട, പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments