രാമപുരം: ശാസ്ത്ര സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ ഇടയിൽ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്നവർക്കെതിരെ ശക്തമായ താക്കീതുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ അവതരിപ്പിച്ച വെളിച്ചത്തിലേക്ക് കൺതുറക്കൂ എന്ന ശാസ്ത്ര നാടകം രാമപുരം ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നമ്മുടെ നാടിനെ നടുക്കിയ ഇലന്തൂർ നരബലി പോലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വഴിയുള്ള പൈശാചിക കൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ പഴുതടച്ച സമഗ്രമായ ബോധവത്കരണമാണ് വേണ്ടതെന്ന് ഈ നാടകം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
സാക്ഷരതയിലും ആരോഗ്യരംഗത്തും മുന്നിലെന്നും സംസ്‌കാര സമ്പന്നമെന്നും ഊറ്റംകൊള്ളുന്ന കേരളത്തിൽ അന്ധവിശ്വാസത്തിന്റെ മറവിൽ നടക്കുന്ന കൊടുംക്രൂരത നമ്മുടെ നാടിന്റെ ഉന്നമനത്തെ പിന്നോട്ടടിക്കുകയാണെന്നും അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിന്റെ നാടെന്ന് അറിയപ്പെടുന്ന കേരളമിപ്പോൾ പിശാചുക്കളുടെ നാടായി മാറിയെന്ന പരിഭവത്തിന് നമ്മൾ തന്നെയാണ് ഉത്തരവാദികളെന്ന യാഥാർത്ഥ്യം ഈ ശാസ്ത്ര നാടകം കാട്ടിതരുന്നു. സമൂഹത്തിന് ശരിയായ ബോധ്യങ്ങൾ കൊടുത്ത് നേരായ വഴിയിലൂടെ നന്മയിലൂടെ നയിച്ചാൽ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പടിക്ക് പുറത്താക്കാമെന്ന വലിയ സന്ദേശമാണ് കുട്ടികൾ ദൃശ്യാവിഷ്കാരത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.
റോഷൻ പി ജോൺസൺ, നോയൽ സാം, ജിയോ ഷിമ്പു, അൽഫോൻസാ ബിനു, ജിസാ ജോസഫ്, അഡോണിയ ജോർജ്, അവന്തിക ഷൈജു, അഫ്സൽ പി എൻ, അഭിജയ് എസ് കൃഷ്ണ, അഭിഷേക് പി ബി എന്നിവരാണ് ശാസ്ത്ര നാടകത്തിലെ അഭിനേതാക്കൾ.
.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments