പാലാ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ ആരോപണശരങ്ങളുയര്‍ത്തി യുഡിഎഫ്. ഇന്ന് നടന്ന കൗണ്‍സില്‍ യോഗം ബഹളത്തില്‍ കുതിര്‍ന്നു. കൗണ്‍സില്‍ തീരുമാനങ്ങളെ ഭരണപക്ഷം അട്ടിമറിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. മൃഗീയഭൂരിപക്ഷം എന്ന് പേര് പറഞ്ഞ് ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. മിനുട്‌സ് തിരുത്തിയെന്ന ഗുരുതര ആരോപണവും യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചു.
കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ കഴിഞ്ഞ കൗണ്‍സിലിലെ ചില തീരുമാനങ്ങളെ സംബന്ധിച്ച് പ്രതിപക്ഷം ചോദ്യമുന്നയിച്ചു. അത് അവസാനം മറുപടി പറയാമെന്നായിരുന്നു ചെയര്‍പേഴ്‌സന്റെ വിശദീകരണം. 41 അജന്‍ഡകളായിരുന്നു ഇന്ന് ഒറ്റ ദിവസം പരിഗണനയ്ക്ക് വന്നത്. പ്രതിപക്ഷം ബഹളംവച്ചതിനിടയില്‍ അജണ്ടകള്‍ വായിച്ച് ഭരണപക്ഷം കയ്യടിച്ച് പാസാക്കിയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുന്‍ കൗണ്‍സില്‍ തീരുമാനങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് അവ 48 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യപ്പെടേണ്ടവയെന്ന് മറുപടി നല്കി ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി.
പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് ചെയര്‍പേഴ്‌സണ്‍ പെരുമാറുന്നതെന്ന് പ്രൊഫ. സതീഷ് ചൊള്ളാനി ആരോപിച്ചു. ആക്ഷേപങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാമെന്നാണ് പറയുന്നത്. ഇപ്പോള്‍ പറ്റാത്തത് എങ്ങനെയാണ് അടുത്ത തവണ പറ്റുന്നത്. തെറ്റ് പറ്റിയതുകൊണ്ടാണ് അധ്യക്ഷ ഒളിച്ചോടിയതെന്നും ഒന്നിനും ഉത്തരമില്ലെന്നും ചൊള്ളാനി പറഞ്ഞു. ജനാദിപത്യമര്യാദകളും കൗണ്‍സില്‍ അവകാശങ്ങളെയും ലംഘിക്കുകയാണ്. കഴിഞ്ഞ കൗണ്‍സിലില്‍ 5 അജന്‍ഡകള്‍ പിന്നീട് തീരുമാനം എടുക്കുന്നതിനായി മാറ്റിയിരുന്നു. എന്നാല്‍ മിനുട്‌സ് വന്നപ്പോള്‍ അവ തീരുമാനമെടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വ്യാജരേഖയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പാലായിലെ നഗരസഭ ഭരണകൂടം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയത് വ്യാജ രേഖ ചമയ്ക്കലാണ്. കൗണ്‍സില്‍ തീരുമാനം രേഖപ്പെടുത്തിയ കൗണ്‍സില്‍ ക്ലര്‍ക്കും, മുനിസിപ്പല്‍ സെക്രട്ടറിയും, ചെയര്‍പേഴ്‌സണും, ഭരണമുന്നണിയിലെ നേതാക്കളും ചേര്‍ന്നാണ് വ്യാജ രേഖ ചമച്ചിരിക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതിനുശേഷം നിയമവിരുദ്ധമായി 20 ദിവസത്തിന് ശേഷം കൗണ്‍സില്‍ മിനിറ്റ്‌സ് പുറത്തിറങ്ങുമ്പോള്‍ ഈ വിഷയങ്ങളില്‍ തീരുമാനമായി എന്ന നിലയില്‍ തെറ്റായി രേഖപ്പെടുത്തിയത് വ്യാജ രേഖ നിര്‍മ്മാണത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് തന്നെ പോലീസില്‍ പരാതിപ്പെടും. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചാല്‍ കോടതിയെ സമീപിച്ച് നീതി തേടുമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാരായ സിജി ടോണി, മായാ രാഹുല്‍ എന്നിവര്‍ അറിയിച്ചു. തങ്ങളുടെ പാര്‍ട്ടി അനുവാദത്തോടുകൂടിയാണ് പരാതി കൊടുക്കുന്നത് എന്നും, നിയമപരമായി കൂടുതല്‍ സാധുത ലഭിക്കാനാണ് രണ്ട് അംഗങ്ങളുടെ പേരില്‍ വ്യക്തിപരമായ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും അവര്‍ വ്യക്തമാക്കി.
കൗൺസിൽ പ്രതിഷേധം :
0 Comments