സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
.റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹര്‍ജിയും തള്ളി. ഉമ്മന്‍ ചാണ്ടി മരിച്ചതിനാല്‍ തുടര്‍ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.
.യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സോളാര്‍ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടര്‍ന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. പിന്നീട് പേര് കൂട്ടിച്ചേര്‍ത്തതാണെന്നാണ് സിബിഐ കണ്ടെത്തല്‍. പരാതിക്കാരി ജയിലില്‍ കഴിയുമ്പോള്‍ കെ.ബി ഗണേഷ്‌കുമാര്‍ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐയ്ക്ക് ലഭിച്ച മൊഴി. ഗണേഷിനൊപ്പം ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരെ പറ്റിയും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
0 Comments