ഈരാറ്റുപേട്ട സ്വകാര്യ ബസ്റ്റാന്‍ഡ് ആദ്യഘട്ട പൊളിക്കില്‍ ജോലികള്‍ വിവാദത്തിലേയ്ക്ക് നീങ്ങുന്നു. 7 ദിവസം സ്റ്റാന്‍ഡ് അടച്ചിട്ട് അപകടകരമായ ഭാഗങ്ങള്‍ പൊളിച്ചുനീക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും നഗരസഭ വഴിമാറുന്നുവെന്നാണ് ആരോപണം. സ്റ്റാന്‍ഡിന് ഉള്‍വശം പൊളിച്ചതിന് ശേഷം ഇപ്പോള്‍ റോഡിന് അഭിമുഖമായ ഭാഗം പൊളിക്കുമ്പോള്‍ അത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കും അടക്കം തിരിച്ചടിയാവുകയാണ്.
റോഡിന് അഭിമുഖമായ ഭാഗം ഇന്നലെ വൈകിട്ടാണ് പൊളിച്ചത്. ബ്രേക്കര്‍ ഉപയോഗിച്ച് ഇളക്കിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അതേപടി അവശേഷിപ്പിച്ചാണ് ജോലികള്‍ ഇന്നലെ അവസാനിപ്പിച്ചത്. പൊട്ടിച്ച കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ റോഡിലും ഓട്ടോസ്റ്റാന്‍ഡിലുമായി നിരന്നുകിടക്കുകയാണ്. തലയ്ക്ക് മുകളില്‍ ഇളകിയരിക്കുന്ന കോണ്‍ക്രീറ്റ് കഷണങ്ങള്‍ക്ക് അടിയിലൂടെയാണ് കാല്‍നടയാത്രക്കാരുടെ സഞ്ചാരം. ഇളക്കിയ പരസ്യബോര്‍ഡുകളും അപകടകരമായ രീതിയിലാണ് നില്‍ക്കുന്നത്.
കേബിള്‍ടിവി, വൈദ്യുതി ബന്ധങ്ങളും തകര്‍ത്തതായി ആരോപണമുണ്ട്. ഓണക്കാലമായതോടെ കച്ചവടം നടക്കേണ്ട സമയത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതില്‍ വ്യാപാരികള്‍ക്കും അമര്‍ഷമുണ്ട്.
സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാരികളും ഇക്കാര്യത്തില്‍ വലിയ പ്രതിഷേധത്തിലാണ്. കോണ്‍ക്രീറ്റ് പൊളിച്ചത് നിരന്നുകിടക്കുന്നതോടെ വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ ഓട്ടോവ്യാപാരികള്‍ക്കും കഴിയുന്നില്ല. ജോലികള്‍ക്കിടെ പ്രതിഷേധവുമായി നഗരസഭാ പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു.
0 Comments