ഈരാറ്റുപേട്ട അഹമ്മദ് കുരിക്കള്‍ നഗറിന് ഒറ്റ രാത്രികൊണ്ട് രൂപാന്തരീകരണം. ഞായരാഴ്ച നേരം വെളുത്തപ്പോള്‍ അഹമ്മദ് കുരിക്കള്‍ നഗറിലെ തകര്‍ന്നുകിടന്ന പഴയ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് പകരം മുസ്ലീം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളിന്റെ പേര് രേഖപ്പെടുത്തിയ പുതിയ സ്മാരകം ഉയര്‍ന്നു. മറ്റൊരിടത്ത് തയാറാക്കിയ സ്തൂപം നഗരമധ്യത്തില്‍ എത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
നഗരസൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായാണ് പുതിയ നിര്‍മിത് സ്ഥാപിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലെ സമുന്നതനായ നേതാവിന്റെ പേരിലാണ് നഗരമധ്യത്തിലെ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്രസംഗപീഠം അറിയപ്പെട്ടിരുന്നത്. രാഷ്ടീയവൈരാഗ്യങ്ങളുടെ പേരില്‍ തകര്‍ക്കപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന്റെ പേര് വരുംതലമുറകള്‍ക്ക് വേണ്ടി കൂടി പുനസ്ഥാപിക്കുകയാണുണ്ടായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വഴിയോരകച്ചവടക്കാരും ഉന്തുവണ്ടികളും നിറഞ്ഞ മാര്‍ക്കറ്റ് റോഡിനോട് ചേര്‍ന്ന് കുരിക്കള്‍ നഗര്‍ വര്‍ഷങ്ങളായി ആക്രിസാധനങ്ങളും തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങളും പേറി കിടക്കുകയായിരുന്നു. നഗരത്തിലെത്തുന്നവരെ ഇത്തരം കാഴ്ചകള്‍ അലോസരപ്പെടുന്നത് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിന്റെ നല്ല മുഖച്ഛായയും ലക്ഷ്യമിടുകയാണ് നഗരസഭ. 2020 മെയില്‍ ചെയര്‍മാനായിരുന്ന വിഎം സിറാജ് ക്ലോക്ക് ടവര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപ അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറില്‍ പുതിയ ഡിസൈന്‍ സമര്‍പ്പിച്ച് അംഗീകാരവും നേടിയിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
2016 ഒക്ടോബര്‍ നാലിനാണ് പ്രഥമ ചെയര്‍മാനായിരുന്ന ടിഎം റഷീദിന്റെ കാലത്ത് രാത്രിയുടെ മറവില്‍ പ്രസംഗപീഠം തകര്‍ത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദിന്റെ അറിവോടുകൂടിയാണ് കുരിക്കള്‍ നഗര്‍ തകര്‍ത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കള്‍ നഗര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാതിരിക്കാന്‍ വേണ്ടി രാത്രിയുടെ മറവില്‍ യു.ഡി.എഫ് നേതാക്കളാണ് നഗര്‍ തകര്‍ത്തതെന്ന് ചെയര്‍മാന്‍ ടി.എം. റഷീദും ആരോപിച്ചിരുന്നു.
0 Comments