Latest News
Loading...

ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ചു. ഗതികെട്ട് നാട്ടുകാര്‍


മീനച്ചില്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ചിലമ്പന്‍കുന്ന് പുത്തന്‍പുരയ്ക്കല്‍  റോഡ് ടാറിംഗിനെന്ന പേരില്‍ കുത്തിപ്പൊളിച്ചതോടെ യാത്രാക്ലേശം നേരിട്ട് പ്രദേശവാസികള്‍. വര്‍ക്ക് സൈറ്റില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ജോലികള്‍ താമസിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മഴക്കാലമായതോടെ കുത്തിപ്പൊളിച്ച റോഡിലും ഭേദം പഴയ റോഡായിരുന്നു എന്ന അഭിപ്രായത്തിലാണ് നാട്ടുകാര്‍. 



കുറച്ചുഭാഗം കോണ്‍ക്രീറ്റും ബാക്കി ടാറിംഗുമായിരുന്നു റോഡില്‍ പുനരുദ്ധാരണം നിശ്ചയിച്ചിരുന്നത്. കോണ്‍ക്രീറ്റ് ജോലികള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയായി. വര്‍ക്ക് സംബന്ധിച്ച് കരാറുകാരനും ഓവര്‍സിയറും  തമ്മിലുണ്ടായ അസ്വാരസ്യമാണ് തുടര്‍പണികളെ തടസ്സപ്പെടുത്തിയത്. എന്നാല്‍ ഇതേ കരാറുകാരന്‍ പഞ്ചായത്തിലെ മറ്റു വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കടുത്ത വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങള്‍ ജോലി പൂര്‍ത്തീകരിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. 



എന്നാല്‍ മഴക്കാലം തുടങ്ങുന്ന ജൂണ്‍ ആദ്യവാരത്തില്‍ ജെസിബി ഉപയോഗിച്ച് ടാറിംഗിനെന്ന പേരില്‍ റോഡ് കുത്തിപ്പൊളിച്ചു. ഇതോടെ ഇളകി കിടക്കുന്ന റോഡില്‍ യാത്ര ദുസ്സഹമായി. മഴ ശക്തമാവുക കൂടി ചെയ്തതോടെ ചെളിയും വെള്ളക്കെട്ടും നാട്ടുകാരെ വലയ്ക്കുകയാണ്. ഇതോടൊപ്പം കോണ്‍ക്രീറ്റിംഗ് തീരുന്ന ഭാഗത്ത് ഉയരംകൂടി എഡ്ജില്‍കയറി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു. ഒടുവില്‍ നാട്ടുകാരാണ് ഇവിടെ മണ്ണിട്ട് അപകടാവസ്ഥ ഒഴിവാക്കിയത്. 



കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളിലെ സൈഡ് കട്ടിംഗ് അപകടാവസ്ഥ സൃഷ്ടിക്കുന്നതായി കാട്ടി പ്രദേശവാസികള്‍ പഞ്ചായത്തിന് ഇമെയില്‍  മുഖാന്തിരം പരാതി നല്കിയിരുന്നു. പ്രശ്‌നം പരിഹരിച്ചതായി മറുപടി നല്കിയശേഷം പിറ്റേദിവസം ചില വര്‍ക്കുകള്‍ നടത്തി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്. പരാതികള്‍ ഉന്നത കേന്ദ്രങ്ങളിലേയ്ക്ക് എത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ പരിശോധനകള്‍ നടന്നുവരികയാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments