Latest News
Loading...

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി



ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. രാവിലെ 11ന് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. വേദനിക്കുന്ന എല്ലാവര്‍ക്കുമുള്ള സാന്ത്വനമാണ് അല്‍ഫോന്‍സാമ്മയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 



10 നാള്‍ നീണ്ടുനില്‍ക്കുന്ന ആത്മീയാഘോഷങ്ങള്‍ക്കാണ് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടക്കമായത്. കേരള സഭയുടെ പുണ്യവും ഭരണങ്ങാനത്തിന്റെ ദീപവുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ രാജ്യമെമ്പാടും നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ഭരണങ്ങാനത്തേയ്ക്ക് എത്തുക. 


.

രാവിലെ 11.15നാണ് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചത്. രൂപതാധ്യക്ഷനൊപ്പം മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരും കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. അല്‍ഫോന്‍സാമ്മ സുകൃതപാതയില്‍ നടക്കുകയല്ല ഓടുകുകയും പറക്കുകയുമായിരുന്നുവെന്ന് കൊടിയേറ്റിന് മുന്നോടിയായി നടന്ന യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മനസുകളെ തൊട്ടുണര്‍ത്തുന്ന ആധ്യാത്മിക ഖജനാവായി ഭരണങ്ങാനത്തെ കബറിടം മാറിക്കഴിഞ്ഞു. അതിവേഗം മാറുന്ന സാമൂഹിക ചുറ്റുപാടില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. സഭയുടെ സല്‍പേര് നശിപ്പിക്കാനുള്ള ഗൂഢവും സംഘടിതവുമായ ശ്രമങ്ങള്‍ വ്യാപകമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 




ജനസംഖ്യാശോഷണവും യുവാക്കളുടെ കുടിയേറ്റവും ജന്‍മമെടുത്ത നാട്ടില്‍ നിലനില്‍പ് അപകടത്തിലാക്കുന്നുണ്ട്. അവഗണനകള്‍ക്കും വിവേചനങ്ങള്‍ക്കും നാം ഇരയാക്കപ്പെടുന്നു. മണിപ്പൂര്‍ കത്തിയെരിയമ്പോഴും ആരാധനാലായങ്ങള്‍ അഗ്നിക്കിരയാക്കുമ്പോഴും യൂണിഫോം സിവില്‍കോഡിനായുള്ള മുറവിളിയുടെ അര്‍ത്ഥമെന്താണെന്നും രൂപതാ ബിഷപ് ഓര്‍മിപ്പിച്ചു. 



തുടര്‍ന്ന് കൊടിയേറ്റിനുള്ള കൊടിയുടെ വെഞ്ചരിപ്പ് കര്‍മം രൂപതാധ്യക്ഷന്‍ നിര്‍വ്വഹിച്ചു. വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ തുടര്‍ന്ന് തിരുനാളിന് കൊടിയേറി. ഫാ ജോര്‍ജ്ജ് ചാത്തന്‍കുന്നേല്‍, ഫാ ജോര്‍ജ്ജ് പൊന്നംവരിക്കയില്‍, തീര്‍ത്ഥാടകേന്ദ്രം റെക്ടര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എന്നിവരും സന്യസ്തരും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. 


പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 വരെ എല്ലാദിവസവും രാവിലെ മുതല്‍ വിവിധ സമയങ്ങളിലായി വിശുദ്ധ കുര്‍ബാനകള്‍ നടക്കും. 28ന് രാവിലെ 10.30ന് ഇടവക പള്ളിയില്‍ തിരുനാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് തിരനാള്‍ പ്രദിക്ഷണവും നടക്കും. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments