പാലാ: പാർക്കിംഗ് അപര്യാപ്തതയും ഗതാഗതക്കുരുക്കും ശാപമായി മാറിയ പാലായിൽ ദീർഘദൂര ബസ് സർവ്വീസുകളുടെ നടുറോഡിലെ പാർക്കിംഗ് സുഗമമായ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
പതിനഞ്ചോളം ദീർഘദൂര ബസ് സർവ്വീസുകളാണ് ദിനംപ്രതി പാലാ വഴി കടന്നു പോകുന്നത്. മിക്കവാറും ദീർഘദൂര ബസുകളുടെയും സ്റ്റോപ്പ് ഗവൺമെന്റാശുപത്രി ജംഗ്ഷനിലാണ്. വൈകുന്നേരങ്ങളിലാണ് ബസ്സുകൾ പാലാ വഴി വരുന്നത്. ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി പോകുന്നവരാണ് അധികവും. ഇവരെ കൊണ്ടുപോയി വിടാൻ വരുന്നവരുടെ വാഹനങ്ങളുടെ വരവോടെ ഇവിടെ തിരക്കാവും. ഇതോടെ ഗതാഗതക്കുരുക്കിലാവും ഈ മേഖല.
പലരും ബസ് വരുന്നതിനും മണിക്കൂറുകൾ മുമ്പേ സ്ഥലത്തെത്തും. ദീർഘദൂര സർവ്വീസുകൾ നടുറോഡിൽ നിർത്തിയാണ് ആളെ കയറ്റുന്നത്. ഇത് ഇതു വഴിയുള്ള വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തിലുടനീളം എപ്പോഴുമുള്ള പോലീസോ മോട്ടോർ ഗതാഗത വകുപ്പോ ഇതൊന്നും ശ്രദ്ധിക്കാറും നടപടിയെടുക്കാറുമില്ല.
ഇതിനു പരിഹാരമായി ദീർഘദൂര ബസ് സർവ്വീസുകളുടെ സ്റ്റോപ്പ് ബൈപാസിലേയ്ക്ക് അടിയന്തിരമായി മാറ്റണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർദ്ദേശിച്ചു. ഈ ആവശ്യമുന്നയിച്ച് നഗരസഭാ ചെയർപേഴ്സണ് നിവേദനം നൽകി. ദീർഘദൂര യാത്രക്കാരെ കൊണ്ടുവിടാൻ എത്തുന്നവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യപ്രദമായ സ്ഥലസൗകര്യം ഇവിടെയുണ്ട്.
.ദീർഘദൂര സർവ്വീസുകൾ ബൈപ്പാസിലേക്ക് മാറ്റിയാൽ ടൗണിൽ ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഈ ഭാഗത്തെ വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും. ഇതൊടൊപ്പം ഈ ഭാഗത്ത് ദീർഘദൂര യാത്രികർക്കായി ബസ് ബേയും വെയ്റ്റിംഗ് ഷെഡും സ്ഥാപിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, സോണി ഫിലിപ്പ്, അനൂപ് കട്ടിമറ്റം, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments