കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമുകളിലെ എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ദയാവധം നടത്തി സംസ്‌ക്കരിച്ചു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ദയാവധം നടത്തുന്നത് പുരോഗമിക്കുകയാണ്. പ്രദേശത്തെ 66 പന്നികളെയാണ് ദയാവധം നടത്തുന്നത്. ഫാമുകളും പരിസരവും അണുവിമുക്തമാക്കും. തിങ്കളാഴ്ച (ജനുവരി 30 )രാത്രിയോടെ നടപടികൾ പൂർത്തീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയാണ് ദയാവധമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടി ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നി മാംസം വിതരണം, ഇവ വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽനിന്ന് മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, തദേശസ്വംഭരണസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു.
ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. കരൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂർ, രാമപുരം, മുളക്കുളം, കടപ്ലാമറ്റം, വെളിയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments