ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർനിർമ്മാണം വൈകുന്നതിൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമസഭായോഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുടങ്ങി കിടക്കുന്ന നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കി. ഗ്രാമപഞ്ചായത്തിലെ വഴിക്കടവ്, വെള്ളികുളം, കാരികാട്, ഒറ്റയീട്ടി, മലമേൽ, വേലത്തുശ്ശേരി വാർഡുകളിലെ ഗ്രാമസഭകളിലാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ 24 കി.മീറ്റർ ദൂരത്തിൽ 21 കി.മീറ്ററും തീക്കോയി ഗ്രാമപഞ്ചായത്തിലൂടെയാ ണ് കടന്നു പോകുന്നത്. റോഡ് തകർന്നതോടെ ജനജീവിതം ദുസ്സഹമായി. ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ടൂറിസ്റ്റ് മേഖലയാണ്. റോഡിലൂടെ വാഹനഗതാഗതം ദുഷ്കരമായതോടെ ടൂറിസ്റ്റുകൾ മറ്റു വഴികളെയാണ് ആശ്രയിക്കുന്നത്. ഇതോടെ ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളും ഓട്ടോ, ടാക്സി തൊഴിലാളികൾ,റിസോർട്ട് ഉടമകൾ എന്നിവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ തകർന്ന റോഡിലൂടെ സ്ഥിരം യാത്ര ചെയ്ത് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി സ്തംഭം ജംഗ്ഷൻ വരെ റോഡ് ഭാഗികമായി നിർമ്മിച്ച എങ്കിലും കോൺട്രാക്ടർ നിലവിൽ ജോലി നിർത്തിവച്ചിരിക്കുകയാണ്. ഇനി ആര് നിർമ്മാണം നടത്തും എന്നതിൽ പൊതുമരാമത്ത് വകുപ്പിന് പോലും നിശ്ചയമില്ല.
വളരെയധികം യാത്രപ്രാധാന്യമർഹിക്കുന്ന വാഗമൺ റോഡിന്റെ പുനർനിർമാണത്തിനു വേണ്ടി ജനങ്ങളുടെ വർഷങ്ങളായിട്ടുള്ള കാത്തിരിപ്പിന് എന്നു പരിഹാരമാകുമെന്ന് ഗ്രാമസഭയിൽ ജനങ്ങൾ ചോദിക്കുന്നു.
റോഡിന്റെ നിർമ്മാണം വൈകുന്നതോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപിലെ വാച്ച് ടവറിന്റെ നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നു. 2014 ൽ ഗ്രാമപഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡ് ഇരുന്ന സ്ഥലം വാച്ച് ടവർ നിർമാണത്തിന് വേണ്ടി വിട്ടു നൽകിയതാണ്. ആറുമാസത്തിനുള്ളിൽ വാച്ച് ടവർ നിർമ്മിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ എട്ടുവർഷം കഴിഞ്ഞിട്ടും വാച്ച് ടവർ നിർമ്മാണം പൂർത്തിയായിട്ടില്ല. നിർമ്മാണം പൂർത്തിയാക്കാത്ത വാച്ച് ടവറിൽ ജനങ്ങൾ കയറുന്നത് മൂലം വലിയ അപകട സാധ്യതയുമുണ്ട്. വാച്ച് ടവറിന്റെ മുൻവശത്ത് ഭാഗികമായി ഷട്ടറുകൾ പിടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ഷട്ടറുകളും പിടിപ്പിക്കുകയാണെങ്കിൽ അടവാക്കുവാൻ സാധിക്കുമായിരുന്നു. ടവറിന്റെ മുകളിലുള്ള പുലിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കമ്പി തുരുമ്പ് പിടിച്ച് നിൽക്കുന്നു. പുലിയുടെ മുകളിൽ മൂന്നും നാലും ആളുകൾ കയറി നിന്ന് ഫോട്ടോ എടുക്കുന്നത് അപകടസാധ്യതയേറുന്നു.
വിവിധ ഗ്രാമസഭകളിൽ പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ കവിതാ രാജു, രതീഷ് പി.എസ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമസഭകളിലെ തീരുമാനങ്ങൾ പൊതുമരാമത്ത് വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments