ഈരാറ്റുപേട്ടയില്‍ മീനച്ചിലാറിന്റെ തീരത്ത് രണ്ടിടത്ത് വലിയ തോതില്‍ സംരക്ഷണഭിത്തി തകര്‍ന്നു. നടയ്ക്കല്‍ ഈലക്കയം പമ്പ് ഹൗസിന് സമീപം റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തി ഒലിച്ചുപോയി. മൂന്നിലവിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംരക്ഷണഭിത്തിയ്ക്ക് മുകളില്‍ വെള്ളമുയര്‍ന്നിരുന്നു. ഒഴുക്ക് ശക്തമായതോടെ കെട്ട് തകരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ ഭാഗികമായി സംരക്ഷണഭിത്തി നശിച്ചിരുന്നു. അന്ന് നഗരസഭ ഇറിഗേഷന്‍ വകുപ്പില്‍ പുനര്‍ നിര്‍മാണത്തിനായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഫണ്ട് കുറവുമൂലം നിര്‍മാണം നടന്നില്ല.
സംരക്ഷണഭിത്തി തകര്‍ന്ന പ്രദേശത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സന്ദര്‍ശിച്ചു. എംഎല്‍എയുടെ നിര്‍ദേശപ്രകാരം എസ്റ്റിമേറ്റ് തുക കുറച്ച് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍കാദര്‍ പറഞ്ഞു. അതേസമയം, മീനച്ചിലാറ്റില്‍ എക്കലും ചെളിയും നീക്കി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ വെള്ളം കയറുന്നത് ഒരു പരിധി വരെ തടഞ്ഞതായും അവര്‍ പറഞ്ഞു.
തടവനാല്‍ ബൈപ്പാസ് റോഡിന്റെ സംരക്ഷണഭിത്തിയും തകര്‍ന്നു. ഇവിടെ ടാറിംഗ് അടക്കമാണ് താഴേയ്ക്ക് പതിച്ചത്. മൂന്നിലവില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി വിഎന്‍ വാസവന്‍, തടവനാലില്‍ ഇടിഞ്ഞ ഭാഗത്ത് സന്ദര്‍ശനം നടത്തി. സിപിഎം ജില്ലാകമ്മറ്റിയംഗം ജോയി ജോര്‍ജ്ജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എസ്പി കെ കാര്‍ത്തിക്, ലോക്കല്‍ സെക്രട്ടറി പിആര്‍ ഫൈസല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
0 Comments