മേലുകാവ് സെന്റ് തോമസ് പള്ളിയിലെ മോഷണസംഭവത്തില്‍ പ്രതി പിടിയില്‍. പള്ളിയുടെ വാതില്‍ കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു നേര്‍ച്ചപ്പെട്ടികള്‍ അപഹരിച്ച സംഭവത്തിലാണ് ഏലപ്പാറ സ്വദേശി കോഴിക്കാനം ബിനു ഈരാറ്റുപേട്ടയില്‍ ബസില്‍നിന്നും പിടിയിലായത്. പ്രതിയെ മേലുകാവ് പോലീസിന് കൈമാറി. കഴിഞ്ഞ ജൂണ്‍ 26നാണ് പള്ളിയില്‍ മോഷണം നടന്നത്. ഇയാളുടെ പേരില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ വിരലടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി ഒത്തുനോക്കി, പ്രതി ബിനുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 200-ഓളം മോഷണക്കസുകളില്‍ പ്രതിയായ ബിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജൂണ്‍ 8നാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിന്നീടാണ് മേലുകാവ് പള്ളിയില്‍ മോഷണം നടത്തിയത്.
ആരാധനാലയങ്ങളിലെ സ്ഥിരം മോഷ്ടാവായ ഇയാള്‍ മോഷണം കഴിഞ്ഞ് പുലര്‍ച്ചെതന്നെ ബസില്‍ കയറി ദൂരയാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. സംശയാസ്പദമായി ദൂരയാത്ര ചെയ്യുന്ന ആള്‍ക്കാരെ കണ്ടാല്‍ വിവരം അറിയിക്കണമെന്നു കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍ ബസ് ജീവനക്കാരോട് പറഞ്ഞിരുന്നു.
ഇന്നലെ രാത്രി ഏലപ്പാറ ചിന്നാര്‍ അമ്പലത്തില്‍ മോഷണം നടത്തിയശേഷം ബിനു ബസില്‍ കയറി മുണ്ടക്കയം വഴി ഈരാറ്റുപേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സംശയം തോന്നിയ ബസുകാര്‍ കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചു. ഡിവൈഎസ്പി ഉടന്‍തന്നെ ഈരാറ്റുപേട്ട പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെതന്നെ ഈരാറ്റുപേട്ട പൊലീസ് കള്ളനെ പിടികൂടുകയായിരുന്നു.
മേലുകാവ് പള്ളിയില്‍ വലിയ 2 കല്ലുകള്‍ ഉപയോഗിച്ച് പള്ളിയുടെ ഒരുവശത്തെ വാതിലിന്റെ അടിവശം തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന രണ്ട് നേര്‍ച്ച പെട്ടികള്‍ മോഷ്ടാവ് എടുത്തുകൊണ്ടുപോയി പള്ളി ഓഡിറ്റോറിയത്തിനു സമീപംവച്ച് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.
0 Comments