Latest News
Loading...

കടുവ ഇറങ്ങും. പേരു മാറും

പ്രിത്ഥ്വീരാജ് നായകനാകുന്ന ചിത്രം കടുവയില്‍ അവസാനനിമിഷം മാറ്റം. ചിത്രത്തിനെതിരെ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ ജോസ് നല്കിയ പരാതിയില്‍ നായക കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശം നല്കി. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഇതോടെ മാറ്റേണ്ടി വരും. ചിത്രം സംബന്ധിച്ച വിവിധ വിധികളും ഹര്‍ജിക്കാരുടെയും സംവിധായകന്റെയും അടക്കം വാദങ്ങളും കേട്ട ശേഷമാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ജോസ് കുരുവിനാക്കുന്നേല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്കിയത്.


കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നറിയപ്പെടുന്ന തനിക്ക് മാനഹാനി ഉണ്ടാകുന്ന തരത്തിലാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ എന്നടക്കം വിവിധ സാമ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കോടതിയെ സമീപിച്ചിരുന്നത്. പരാതിക്കാരന്റെ കുടുംബപ്പേര് 'കുരുവിനകുന്നേല്‍' എന്നാണ്. തിരക്കഥയിലെ 'കുറുവച്ചന്‍' എന്ന കഥാപാത്രത്തിന്റെ കുടുംബപ്പേര് ചിത്രവുമായി ഏറെ സാമ്യമുള്ള 'കടുവക്കുന്നേല്‍' എന്നാണ്. കഥാപാത്രത്തിന്റെയും പരാതിക്കാരന്റെയും പ്രായം സംഭവം നടക്കുമ്പോള്‍ ഒന്നാണ്.

 ഇരുവരും പാലായിലെ ക്രൈസ്തവിഭാഗത്തില്‍പെട്ടയാളും ബാര്‍, പ്ലാന്റേഷന്‍ ഉടമകളുമാണ്. പരാതിക്കാരന് തേനിയിലും പുളിയന്‍മലയിലുമുള്ള സ്ഥലം പോലും ചിത്രത്തിലും പരാമര്‍ശിക്കുന്നുണ്ട്. പരാതിക്കാരനും നായക കഥാപാത്രത്തിനും W123 മോഡല്‍ വെള്ള ബെന്‍സ് കാറുണ്ടെന്നതും സാമ്യതയാണ്. ഇതടക്കമുള്ള സാമ്യതകള്‍ പരിഗണിക്കുമ്പോള്‍, തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടാത്ത കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് തനിക്ക് അപമാനകരമാകുമെന്നും തന്റെ സ്വകാര്യതയെ ഹനിക്കുമെന്നുമാണ് പരാതിക്കാരന്‍ ഉന്നയിച്ചിരുന്നത്. 



വിഷയം പരിഗണിച്ച ബോര്‍ഡ്, തിരക്കഥയില്‍ പറയുന്ന കുറുവച്ചന്‍ പരാതിക്കാരനായ ജോസിനെ വെളിപ്പെടുത്തുന്നതാണെന്ന് കണ്ടെത്തി. സിനിമാട്ടോഗ്രാഫ് നിയമപ്രകാരം ഒരു വ്യക്തിയെയോ സമൂഹത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം ഇല്ലെന്ന് ബോര്‍ഡ് ഉറപ്പാക്കേണ്ടതുണ്ട്. കേന്ദ്രകഥാപാത്രത്തിന്റെ പേര് മാറുന്നതുവഴി പരാതിക്കാരനുമായി കഥയെ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കുറുവച്ചന്‍ എന്ന പേര് നീക്കം ചെയ്യണമെന്നും 20 സെക്കന്‍ഡ് നേരം disclaimer  പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

ജോസ് കുരുവിനാക്കുന്നേല്‍


 കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പരിഗണിച്ച കോടതി കുറുവച്ചന്‍ എന്ന പേര് പരാമര്‍ശിക്കാത്ത സീനുകള്‍ ഭാവനാസൃഷ്ടി മാത്രമായി പരിഗണിക്കുമെന്നും വ്യക്തമാക്കി.  കുറുവച്ചന്‍ എന്ന പേര്  കുര്യാച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. 22 മിനുട്ടോളം ദൈര്‍ഘ്യത്തിലുള്ള ക്ലിപ്പുകളിലാണ് ഈ പേരുമാറ്റം. ഡബ്ബിംഗ് വരെ പൂര്‍ത്തിയായ ചിത്രമാണ് മാറ്റേണ്ടിവന്നിരിക്കുന്നത്.


അതിനിടെ, നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റിനുമായുള്ള പ്രശ്‌നങ്ങളും ഇന്ന് കോടതിയിലെത്തും. തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്കിയ തിരക്കഥയാണ് ഈ സിനിമയെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ അനുരാഗ് കോടതിയെ സമീപിച്ചിരുന്നു. 15 ലക്ഷം രൂപയും  കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ടൈറ്റില്‍ അവകാശവുമാണ് അനുരാഗ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തില്‍ കോടതിയ്ക്ക് പുറത്ത് ധാരണയായതായാണ് വിവരം. വൈകുന്നേരത്തോടെ ഈ വിഷയത്തില്‍ പരിഹാരമായാലേ ചിത്രം പുറത്തിറക്കാനാവൂ.


ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദ്ദനന്‍, പ്രിയങ്ക നായര്‍, മീനാക്ഷി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂണ് 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു




Post a Comment

0 Comments