സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നു. ഒരുവശത്ത് കോവിഡ് കാലത്തും പ്രളയകാലത്തും കൈത്താങ്ങായ സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കപ്പെടുമ്പോഴാണ് വലിയൊരു വിഭാഗം സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ കണ്ണീരുമായി കഴിയുന്നത്. മീനച്ചില്‍ താലൂക്കിലും 7-ഓളം സഹകരണസ്ഥാപനങ്ങളില്‍ പണം വെള്ളത്തിലായ നിലയിലാണ്.
ഒരുകാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണസ്ഥാപനങ്ങളാണ് ഭരണസമിതികളുടെ പിടിപ്പുകേടുകള്‍കൊണ്ട് മുങ്ങിത്താഴുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വായ്പാ വിതരണമാണ് പലയിടത്തും സ്ഥാപനങ്ങളെ തകര്‍ക്കുന്നത്. മുണ്ടുമുറുക്കിയിടുത്തും എല്ലുമുറിയെ പണിതും സമ്പാദിച്ച പണം കൊണ്ട് ചിട്ടികൂടിയവരും നിക്ഷേപം ചേര്‍ന്നവരും മരുന്നുമേടിക്കാന്‍ കാശില്ലാതെ വലയുന്ന കാഴ്ച നാടൊട്ടുക്കുമുണ്ട്.
പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം, എംആര്‍എം പിസിഎസ്, പൂഞ്ഞാര്‍,ഈരാറ്റുപേട്ട, മൂന്നിലവ് തോടനാല്‍ സര്‍വ്വീസ് സഹകരണബാങ്കുകള്‍, മോനിപ്പള്ളി മാര്‍ക്കറ്റിംഗ് സഹകരണസംഘം എന്നിവിടങ്ങളില്‍ നിക്ഷേപകരുടെ പണം തിരികെ നല്കാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
നിക്ഷേപകര്‍ക്കു പണം തിരിച്ചുനല്‍കാനാകാതെ സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങളെന്നാണ് കണക്ക്. കാലാവധി പൂര്‍ത്തിയായിട്ടാണ് ഈ സഹകരണസംഘങ്ങള്‍ നിക്ഷേപം തിരികെ നല്‍കാത്തത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം പ്രകാരം പരമാവധി ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ തിരികെ കിട്ടാനാണ് സാധ്യത. അധ്വാനിച്ച് സമ്പാദിച്ച തുകയാണ് പലരും സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ തുകയാണ് അവരുടെ ആവശ്യത്തിന് തിരികെ കിട്ടില്ലെന്ന സ്ഥിതി വന്നിരിക്കുന്നത്.
ഭരണത്തിലേറുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെയും ബന്ധുക്കളുടെയും പേരില്‍ ലക്ഷണക്കിന് രൂപയാണ് സഹകരണസംഘങ്ങളില്‍ നിന്നും മാറുന്നത്. സാധാരണക്കാരന്‍ വായ്പയെടുക്കാന്‍ എത്തിയാല്‍ നൂലമാലകളില്‍പെട്ടുഴലുമ്പോള്‍ ഇത്തരക്കാര്‍ ഒപ്പും ആധാരവും പോലുമില്ലാതെയും കാശിനുകൊള്ളാത്ത സ്ഥലം ഈടുവച്ചും ലക്ഷങ്ങള്‍ എഴുതിയെടുക്കും. ഇത്തരം വെട്ടിപ്പുകള്‍ പിന്നീട് കണ്ടെത്തിയാലും ശക്തമായ നടപടികള്‍ സ്വീകരിച്ചതായും വിവരമില്ല.
0 Comments