ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ. മേലുകാവ്' ഇരുമപ്രമറ്റം പാറശ്ശേരിൽ വീട്ടിൽ സാമുവൽ ജോഷ്വ മകൻ സാജൻ സാമുവൽ (45), മേലുകാവ്' ഇരുമപ്രമറ്റം അഞ്ചുമല ഭാഗത്ത് ഇ എം ഗീവർഗ്ഗീസ് മകൻ കാപ്പിരി അനീഷ് എന്ന് വിളിക്കുന്ന സിബി വർഗ്ഗീസ് (24), ഇടുക്കി അഞ്ചാംമൈൽ ഭാഗത്ത് കൊന്നത്തടി വില്ലേജിൽ മുതിരപ്പുഴ കരയിൽ മാവനാൽ വീട്ടിൽ ശിവദാസ് മകൻ ശ്യാം ദാസ് (39)എന്നിവരെയാണ് പാലാ പോലിസ് അറസ്റ്റ് ചെയ്തത്.
പാലാ പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെ ആണ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഒളിവില്‍ പോയ പ്രതികളില്‍ ജസ്റ്റിന്‍ പി. മാത്യു, ജോസഫ് സച്ചിന്‍ സാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് കൂടെയുണ്ടായിരുന്നവര്‍ അന്യ സംസ്ഥാനത്തേക്ക് കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രതികള്‍ ചെന്നൈയിലുണ്ടെന്നു മനസ്സിലാക്കുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെന്നൈയിലെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്സ്.പി. ഗിരീഷ് പി സാരഥി, പാലാ എസ്.എച്ച്.ഓ. കെ.പി. ടോംസന്‍, എസ്.ഐ. അഭിലാഷ് എം.ഡി. സി.പി.ഓ മാരായ ജോബി ജോസഫ്, സുമീഷ് മക് മില്ലൻ, ശ്യാം എസ് നായർ, രഞ്ജിത്ത് സി എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments