Latest News
Loading...

പാലാ ജനറൽ ആശുപത്രി കാഷ്വാലിറ്റിയും പുതിയ മന്ദിരത്തിൽ

പാലാ: പാലാ ജനറൽ ആശുപത്രിയിലെപഴയ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗവും പുതിയ ബഹുനില സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. മന്ദിരത്തിലെ അടി നിലയിൽ പുതിയ ഒ.പി ടിക്കറ്റ് കൗണ്ടറിനു സമീപത്തേയ്ക്കാണ് അത്യാഹിത വിഭാഗം മാറ്റിയിരിക്കുന്നത്. ഇതോടെ കാഷ്വാലിറ്റിയും ഒ.പി.വിഭാഗങ്ങളുടേയും പ്രവർത്തനം ഒരേ കെട്ടിടത്തിലായി.

ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ കാഷ്വാലിറ്റി വിഭാഗം തുറന്നുകൊടുത്തു. ഉടൻ തന്നെ ഫാർമസിയും ഇവിടേയ്ക്ക് മാറ്റും. പുതിയതായി ക്രമീകരിച്ച കാഷ്വാലിറ്റിയിൽ 15നിരീക്ഷണ ബഡുകളും പാരാമീറ്റർ മോണിട്ടറുകൾ, ബൈപാപ്പ്; സിപ്പാപ്പ് ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പോർട്ടബിൾ എക്സറേ സൗകര്യവും കേന്ദ്രീകൃത ഓക്സിജൻ ലൈനുകളും ഇവിടെ സ്ഥാപിച്ചു.


ഭൂരിഭാഗം ഒ.പി.വിഭാഗങ്ങളും മാസങ്ങൾക്കു മുന്നേ പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. ഒരു മുറിയിൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഒ.പി. കൾ പ്രവർത്തിച്ചിരുന്നത് രോഗികൾ കൂട്ടം കൂടി നിൽക്കുവാൻ ഇടയാക്കിയിരുന്നു. ഇപ്പോൾ ഒരോ ചികിത്സാ വിഭാഗങ്ങൾക്കും പ്രത്യേകം മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്.


രോഗികളുടേയും ജീവനക്കാരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് നവീന സൗകര്യങ്ങളോടെ ഒരോ ചികിത്സാ വിഭാഗങ്ങളും പ്രത്യേകo മുറികളിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.

ഡോക്ടർ ഇല്ലാത്തതു കാരണം ചികിത്സ മുടങ്ങിയ നേത്ര വിഭാഗവും ഹൃദ് രോഗനിർണ്ണയ വിഭാഗവും പുന രാരംഭിച്ചിട്ടുണ്ട്.
ഇ.എൻ.ടി വിഭാഗത്തിൽ കേൾവി പരിശോധനയ്ക്കും സൗകര്യം ഏർപ്പെടുത്തി.ആധുനിക സൗകര്യങ്ങളോടെ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗവും ക്രമീകരിച്ചു കഴിഞ്ഞു. ഫിസിയോ തെറാപ്പിസ്ററിൻ്റെ സേവനവും ഇവിടെ ലഭ്യമാണ്.ഹീമോഫീലിയാരോഗികൾക്ക് അടിയന്തിര ചികിത്സാ സൗകര്യവും ഏർപ്പെടുത്തി കഴിഞ്ഞു.

ജനറൽ ആശുപത്രിയിൽ കൂടുതൽ അധിക സൗകര്യങ്ങൾ അടുത്ത സാമ്പത്തിക വർഷം ഏർപ്പെടുത്തുമെന്നും ഇതിനായി 3കോടി 25 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.. തുക വിനിയോഗിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും അവർ അറിയിച്ചു.
കൗൺസിലർമാരായ ബിജി ജോ ജോ ,സാവിയോ കാവുകാട്ട്, ആർ.സന്ധ്യ, മാനേജിംഗ്‌ കമ്മറ്റി അംഗങ്ങളായ ജയ്‌സൺമാന്തോട്ടം, ബിജു പാലൂപവൻ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ.ശബരീനാഥ് എന്നിവരും സംബന്ധിച്ചു.


ഇന്നു മുതൽ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കി ആശുപത്രി കോമ്പൗണ്ടിലെ പാർക്കിംഗ് സ്ഥലം പ്രയോജനപ്പെടുത്തണമെന്നും ഗതാഗതിനു തടസ്സമായ വിധം റോഡിൻ്റെ ഇരുവശവുമായിട്ടുള്ള പാർക്കിoഗ് കർശനമായി നിരോധിക്കുമെന്നും അനധികൃത പാർക്കിംഗ് അനുവദിക്കില്ലെന്നും ചെയർമാൻ അറിയിച്ചു. പാർക്കിംഗ് സ്ഥലത്തിനു സമീപത്തായി ആവശ്യമായ ടോയ്‌ലറ്റുളും സ്ഥാപിച്ചിട്ടുണ്ട്.


Post a Comment

0 Comments