Latest News
Loading...

ചരക്ക് ട്രെയിന്‍ പാളംതെറ്റി. 5 ട്രെയിനുകള്‍ റദ്ദാക്കി



ആലുവയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അഞ്ച് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റതര്‍സിറ്റി (16341), എറണാകുളം- കണ്ണൂര്‍ ഇന്റാര്‍സിറ്റി (16305), കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് (16326), നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ് (16325), ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച പുനലൂര്‍നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രസ് (16327) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രസ്(16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.15-ന് യാത്ര തുടങ്ങേണ്ടിയിരുന്ന എറണാകുളം- പൂനെ എക്സ്പ്രസ് (22149) മൂന്നു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.


ഒട്ടുമിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. രാത്രി ഒന്നരയോടെ തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍. മുകുന്ദിന്റെട നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ഇരു ദിശകളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍. റെയില്‍വെയുടെ ഇലക്ട്രിക്കല്‍, എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.


പാളം തെറ്റിയ ബോഗിയുടെ മുകള്‍ഭാഗം മുറിച്ച് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പാളത്തിന്റെത ഭാഗം അഴിച്ച് മാറ്റി പുതിയത് സ്ഥാപിക്കുകയും തകരാറിലായ സിഗ്നല്‍ ബോക്സുകള്‍ പുനസ്ഥാപിച്ച ശേഷവുമാകും ഗതാഗതം പുനരാരംഭിക്കാനാവുക. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് കൊല്ലത്തുനിന്നും സിമന്റുമായെത്തിയ ട്രെയിന്‍ ആലുവ സ്റ്റേഷനു സമീപം പാളം തെറ്റിയത്. എന്‍ജിനും ആദ്യ രണ്ട് ബോഗികളുമാണ് പാളത്തില്‍ നിന്നും വേര്‍പെട്ടത്. ഇതേതുടര്‍ന്നു മറ്റു ട്രെയിനുകള്‍ എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ചാലക്കുടി സ്റ്റേഷനുകളില്‍ രാത്രി പിടിച്ചിടുകയായിരുന്നു. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് ട്രെയിന്‍ പാളം തെറ്റിയത്. പാളം തെറ്റിയത് തിരിച്ചറിയാതെ ലോക്കോ പൈലറ്റ് ട്രെയിന്‍ മുന്നോട്ടു നീക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments