കോട്ടയം: മലയാള സിനിമയെയും മലയാളത്തെയും മലീനസപ്പെടുത്തിയ 'ചുരുളി' എന്ന സിനിമയ്ക്കു 'അശ്ലീലശ്രീ' അവാർഡ് നൽകി പ്രതിഷേധം രേഖപ്പെടുത്താൻ തീരുമാനിച്ചതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. ഈ സിനിമയുടെ പ്രവർത്തകരായ ലിജോ ജോസ്, ഹരീഷ് എസ്, വിനോയി തോമസ്, വിനോദ് ജോസ്, ജോജു ജോർജ് തുടങ്ങിയവർക്കാണ് അശ്ലീലശ്രീ നൽകുന്നത്. അശ്ലീലശ്രീ പ്രതിഷേധക്കുറിപ്പുകൾ തപാലിൽ അയച്ചു കൊടുക്കും.
.പൊതുജനത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയിൽ സിനിമാ പ്രവർത്തകർക്കും സിനിമയ്ക്കും സമൂഹത്തോടു ഉത്തരവാദിത്വമുണ്ടെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഈ ജാഗ്രത ചുരുളി പ്രവർത്തകർ പാലിച്ചില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും ആകാമെന്ന നിലപാടാണ് ഇത്തരം സാമൂഹ്യ വിരുദ്ധ സിനിമകളുടെ പിറവിയ്ക്കു പിന്നിലുള്ളത്.
.ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധികൾ അനിവാര്യമാണെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. യുവതലമുറയ്ക്കു തെറ്റായ സന്ദേശം നൽകാൻ മാത്രമേ ഈ സിനിമയ്ക്കു സാധിച്ചിട്ടുള്ളൂ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ അശ്ലീല ഭാഷണം നടത്തിയ സിനിമക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, അഡ്വ ആഷ്മി ജോസ്, അനൂപ് ചെറിയാൻ, സുമിത കോര, പ്രിൻസ് ബാബു തീക്കോയി, ജോബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments