ഈരാറ്റുപേട്ട:മണ്ഡലത്തിൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കുവാൻ ഇടപെടുമെന്ന് പൂഞ്ഞാറിലെ നിയുക്ത എം.എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. മണ്ഡലത്തിൽ നിന്നും തിളക്കമാർന്ന ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച മുഴുവൻ വോട്ടർ മാർക്കും നന്ദി അറിയുക്കുന്നതയും ഈരാറ്റുപേട്ടയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നടപ്പിലാക്കി വന്നിരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അഗീകാരവും ഒപ്പം വർഗീയ ചേരിതിരിവിലൂടെ രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചവർക്കുള്ള കനത്ത തിരിച്ചടിയും മത സൗഹാർദ്ദത്തിന്റെ വിജയവുമാണ് ഈ ജനവിധിയെന്ന് കുളത്തിങ്കൽ പറഞ്ഞു.
അപവാദ പ്രചരണങ്ങളും, വ്യക്തിഹത്യയും നടത്തുന്നവർ സ്വയം അപഹാസ്യരാകുമെന്നും ജനം തള്ളിക്കളയുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. എല്ലാ കുപ്രചരണങ്ങളെയും വർഗീയ പ്രചരണങ്ങളെയും തള്ളിക്കളത്ത പൂഞ്ഞാർ ജനത അഭിനന്ദനം അർഹിക്കുന്നു.
നിയോജകമണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും ആയിരിക്കും പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണം, മുണ്ടക്കയം ശുദ്ധജലവിതരണ പദ്ധതി വിപുലീകരണം, എരുമേലി സൗത്ത് വാട്ടർ സപ്ലൈ സ്കീം പൂർത്തീകരിക്കൽ, തിടനാട് - ഭരണങ്ങാനം റോഡ് പുനരുദ്ധാരണം, എരുമേലി ഫയർ സ്റ്റേഷൻ സ്ഥാപിക്കൽ, മുണ്ടക്കയം സബ് ട്രഷറി നിർമ്മാണം തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ ആരംഭം കുറിക്കും. നിയോജക മണ്ഡലത്തിലെ മുഴുവൻ ഭവനരഹിതരായ ആളുകൾക്കും വീട് നിർമ്മിച്ച് നൽകൽ, സമഗ്ര ശുദ്ധജല വിതരണ പദ്ധതികൾ ആവിഷ്കരിക്കൽ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ മുഴുവൻ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കും.
നിയോജക മണ്ഡലത്തിലെ മത സാഹോദര്യം കാത്തു സൂക്ഷിക്കുന്നതിനും വികസന രംഗത്ത് സുതാര്യതയും സംശുദ്ധിയും ഉയർത്തിപ്പിടിക്കുന്നതിനും പരിശ്രമിക്കും. നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും, രാഷ്ടീയത്തിനതീതമായി വികസന കാഴ്ച്ചപ്പാട് ഉയർത്തി പിടിക്കുന്നതിനും പരിശ്രമിക്കും. നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം മുൻനിർത്തി പദ്ധതികൾ ആവിഷ്ക്കരിക്കുകയും പൂഞ്ഞാർ താലൂക്ക്, മുക്കൂട്ടതറ പഞ്ചായത്ത്, ശബരി വിമാനത്താവളം, സിയാൽ മോഡൽ റബർ കമ്പനി, ശബരി റയിൽപ്പാത, മുണ്ടക്കയത്തും ഈ രാറ്റുപേട്ടയിലും മിനി സിവിൽ സ്റ്റേഷനുകൾ, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പദവി ഉയർത്തൽ, എരുമേലി ടൗൺഷിപ് നടപ്പിലാക്കൽ, നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങൾ, വിവിധ ടൂറിസം പദ്ധതികൾ, എല്ലാ പഞ്ചായത്തിലും ഓരോ മിനി സ്റ്റേഡിയം, സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ പദ്ധതി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കൽ ഇവയ്ക്ക് പ്രധമ പരിഗണന നൽകി വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സിപിഐഎം ജില്ലാ കമിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ,ഐ എൻ എൽ നേതാവ് റഫീഖ് പട്ടരുപ്പറമ്പിൽ,കേരള കോൺഗ്രസ് എം നേതാകളായ സാജൻ കുന്നത്ത്, എം.കെ.തോമസ്കുട്ടി എന്നിവർ പങ്കെടുത്തു.
0 Comments