പാലാ: വിശുദ്ധവാരം പ്രമാണിച്ച് പരസ്യ പ്രചാരണം ഒഴിവാക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങളിൽ എത്തി വോട്ടുകൾ അഭ്യർത്ഥിക്കാനും സമയം ചെലവൊഴിച്ചു.
പാലാമണ്ഡലത്തിൽ കഴിഞ്ഞ 16 മാസങ്ങൾകൊണ്ട് നടപ്പാക്കിയ 462 കോടിയുടെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് മാണി സി കാപ്പൻ വോട്ടു തേടുന്നത്. തോട്ടം - പുരയിടം പ്രശ്ന പരിഹാരം, കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്ഥർക്ക് റേഷൻ ലഭ്യമാക്കൽ, മലയോര മേഖലയോടുള്ള കരുതൽ, കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ, പാലാ ബൈപാസ് പൂർത്തീകരണം അവസാനഘട്ടത്തിൽ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചു.
തുടർന്നു വൈകിട്ട് വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പെസഹാ ആചരിച്ച് അപ്പം മുറിച്ചു.
യു ഡി എഫ് ഇന്നലെ അനൗൺസ്മെൻ്റ് അടക്കമുള്ള പരസ്യപ്രചാരണങ്ങൾ വിശുദ്ധവാരം പ്രമാണിച്ച് ഒഴിവാക്കിയിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ 3-ന് രാവിലെ 9.30 മുതൽ പാലായിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടു തേടും.
0 Comments