സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തി വരുന്നതായും ആരോഗ്യവകുപ്പ്. കോവിഡ് പ്രതിരോധത്തില്‍ മുന്‍പ് സ്വീകരിച്ച നടപടികള്‍ ശക്തിപ്പെടത്തണം. സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്.
പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനയാണ് നടത്തിയത്.
കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.
സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സീനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സീനെടുത്തിട്ടുള്ളത്.
വോട്ടു രേഖപ്പെടുത്താൻ പോയ പൊതുജനങ്ങള്‍ക്കു പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർടിപിസി ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
0 Comments