കേരള കാത്തലിക് സ്വാശ്രയകോളേജ് കൺസോർഷ്യം 2021 ലെ കേരള സ്വാശ്രയ കോളേജ് അധ്യാപക- അനധ്യാപക ജീവനക്കാരുടെ നിയമന ഓർഡിനൻസ് പുനപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റികളുടെ ചാൻസലർ കൂടിയായ ഗവർണർക്ക് നിവേദനം നൽകി. സ്വാശ്രയ കോളേജുകൾക്ക് താൽക്കാലികമായ അംഗീകാരം മാത്രം നൽകുന്ന നിലവിലെ സാഹചര്യത്തിൽ അധ്യാപകരെ സ്ഥിരമായി നിയമിക്കാൻ നിയമപരമായും സാങ്കേതികമായും തടസ്സമുണ്ട്.
തന്മൂലം ഓർഡിനൻസിലെ അധ്യാപക- അനദ്ധ്യാപകരുടെ നിയമന സേവന വ്യവസ്ഥകൾ നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വാശ്രയ കോളേജുകൾക്ക് സ്ഥിരമായ അംഗീകാരം നൽകണമെന്ന കൺസോർഷ്യം ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ 70 ശതമാനത്തിലധികം വിദ്യാർഥികൾ പഠിക്കുന്നത് സ്വാശ്രയ സ്ഥാപനങ്ങളിൽ ആണ്.
ഈ വിദ്യാർഥികൾക്ക് വിവിധതരത്തിലുള്ള ഗ്രാൻഡുകളും സ്കോളർഷിപ്പുകളും കെഎസ്ആർടിസി യിലെ യാത്ര സൗജന്യവും നിഷേധിക്കുന്നത് അനീതിയാണ്. സ്വാശ്രയ കോളേജിൽ അധ്യാപകർക്ക് ഇൻസർവീസ് കോഴ്സുകളിലും യൂണിവേഴ്സിറ്റിയുടെ വിവിധ അക്കാദമി സ മിതികളിലും മതിയായ പ്രാതിനിധ്യം നൽകണമെന്നും സമിതി ചൂണ്ടികാണിച്ചു.
ട്യൂഷൻ ഫീസിന് കാലാനുസൃതമായ വർദ്ധനവും കോളജുകൾക്ക് സ്ഥിരമായ അംഗീകാരവും നൽകി കോളേജുകൾക്ക് റൂസ ഫണ്ടിൽ നിന്നും സഹായം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണം. സ്വാശ്രയ കോളേജുകളിൽ ന്യൂജൻ കോഴ്സുകളും തൊഴിലധിഷ്ഠിത കോഴ്സുകളും അനുവദിക്കാത്തതിൽ ഉള്ള ആശങ്കയും സമിതി ഗവർണറെ അറിയിച്ചു. നിയമന അധികാരം മാനേജ്മെന്റിൽ നിക്ഷിപ്തമായിരിക്കെ അച്ചടക്ക നടപടികളുടെ അന്തിമ അധികാരം സിൻഡിക്കേററ്റിന് നൽകിയിരിക്കുന്നതിലെ വൈരുദ്ധ്യവും സമിതി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി.
സമിതിയുടെ എല്ലാ ആവശ്യങ്ങളും പഠിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഗവർണർ സമിതിക്ക് ഉറപ്പുനൽകി. സമിതിക്ക് വേണ്ടി പ്രസിഡണ്ട് റവ.ഡോക്ടർ ജിബി ജോസ് -കോഴിക്കോട്, വൈസ് പ്രസിഡണ്ട് ഡോക്ടർ ചാക്കോ കാളംപറമ്പിൽ- കോഴിക്കോട്, സെക്രട്ടറി റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി -കോട്ടയം, റവ ഫാദർ. റോബിൻ അനന്തകാട് സിഎംഐ -ആലപ്പുഴ എന്നിവരാണ് ഗവർണർക്ക് നിവേദനം നൽകി ചർച്ച നടത്തിയത്.
0 Comments