കോട്ടയം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപരന്മാർക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടം തുടരുന്നു. പാലാ സ്വദേശിയായ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് അപരന്മാർക്കെതിരെ പോരാട്ടം നടത്തുന്നത്.
പേരിൽ സാമ്യമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ വോട്ടിംഗ് യന്ത്രത്തിൽ അടുത്തടുത്ത് നൽകിയാൽ വോട്ടർമാർക്കു ആശയക്കുഴപ്പത്തിനിടയാക്കുമെന്നതിനാൽ ഇവ മാറ്റി നൽകണമെന്ന ആവശ്യമുൾപ്പെടെ അപരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്കും മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും പരാതി നൽകി. ജനങ്ങൾക്കു തെറ്റിദ്ധാരണ കൂടാതെ വോട്ട് രേഖപ്പെടുത്താനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നു എബി ജെ ജോസ് ഓർമ്മിപ്പിച്ചു.
രാജ്യത്തെ ജനാധിപത്യ സംവീധാനത്തിൻ്റെ പ്രധാനമായ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുതാര്യവുമാക്കേണ്ടത് അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനഹിതം അട്ടിമറിയ്ക്കാൻ അപരന്മാരെ നിർത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നുണ്ട്. ആളുമാറി വോട്ടു ചെയ്യാൻ ഇടയായാൽ യഥാർത്ഥത്തിൽ ജയിക്കേണ്ടയാൾ തോൽക്കാൻ ഇടയാകും.
ഇതിനായി നാലിന നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് എബി സമർപ്പിച്ചു. തിരഞ്ഞെടുപ്പ് മെഷ്യനിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ ചേർക്കുന്നുണ്ടെങ്കിലും നിലവിൽ നൽകിയിട്ടുള്ളത് വ്യക്തതയില്ലാത്ത സ്ഥാനാർത്ഥിയുടെ ചിത്രമാണ് ഇതിന് പകരം തെളിമയാർന്ന കളർ ചിത്രം ചേർക്കണം എന്നതാണ് ആദ്യ നിർദ്ദേശം. മത്സരിക്കുന്ന വ്യക്തികളിൽ സാമ്യമുള്ള പേരുകൾ വന്നാൽ തൊട്ടടുത്ത് ഈ പേരുകൾ ചേർത്താൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകും. അതിനാൽ അവ അടുത്തടുത്ത് കൊടുക്കാതിരിക്കുക, പേരിൽ സാമ്യമുള്ള സ്ഥാനാർത്ഥികൾക്ക് സാമ്യമുള്ള ചിഹ്നങ്ങൾ അനുവദിക്കാതിരിക്കുക, പോളിംഗ് സ്റ്റേഷനിൽ സ്ഥാനാർത്ഥികളുടെ പേര് ചിഹ്നം എന്നിവ വോട്ടിംഗ് മെഷ്യൻ്റെ മാതൃകയിൽ വലുപ്പത്തിലുള്ള ബോർഡുകൾ വോട്ടർമാർക്കായി സ്ഥാപിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ. സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടും ഇപ്പോഴും കടലാസിൽ പേരും ചിഹ്നവും കലാസിൽ എഴുതുന്ന പരമ്പരാഗത ശൈലിയാണ് പിൻതുടരുന്നത്.
തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷ്യനിൽ സ്ഥാനാർത്ഥികളുടെ ചിത്രം ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രേരണയായത് എബി ജെ ജോസിൻ്റെ നിവേദനമായിരുന്നു. 2013 ൽ ഇതു സംബന്ധിച്ച് വി എസ് സമ്പത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരിക്കെ പരാതി നൽകിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എച്ച് എസ് ബ്രഹ്മയ്ക്കു പരാതി നൽകിയപ്പോൾ നല്ല നിർദ്ദേശമാണെന്നും പരിഗണിക്കുമെന്നും കാട്ടി മറുപടി നൽകിയിരുന്നു. തുടർന്ന് 2015ൽ എച്ച് എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ തിരഞ്ഞെടുപ്പ് മെഷ്യനിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം ചേർക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
0 Comments