ഈരാറ്റുപേട്ട: സ്വകാര്യ ബാങ്കിൽ മുക്കുപണം പണയം വച്ചു പണം തട്ടാൻ ശ്രമിച്ച രണ്ടു യുവാക്കളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശികളായ സാദിഖ്(23), റാഫി(21) എന്നിവരാണ് പിടിയിലായത്. ആശുപത്രി ആവശ്യത്തിന് ഉടൻ പണം വേണം എന്നു പറഞ്ഞാണ് യുവാക്കൾ ഇന്നലെ ഈരാറ്റുപേട്ട ടൗണിൽ പ്രവർത്തിക്കുന്ന കണ്ണമുണ്ടയിൽ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്.
ഒരു പവൻ തൂക്കം വരുന്ന മൂന്നു വളകളാണ് പണയം വയ്ക്കാനായി നൽകിയത്. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ പണയം സ്വീകരിച്ച് പണം നൽകാൻ തുടങ്ങിയ സമയത്താണ് സ്ഥാപന ഉടമയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഉടൻ സ്ഥലത്തെത്തി വളകൾ പരിശോധനയ്ക്ക് വിധേയമാക്കി.
ആദ്യനോട്ടത്തിൽ സ്വർണമെന്നു തോന്നിച്ച വളകൾ പോലീസിന്റെ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസിലായത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ യുവാക്കളിൽനിന്ന് മുക്കുപണ്ടം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചു. 916 മുദ്ര ഉൾപ്പെടെയുള്ള വളകൾ മുക്കുപണ്ടമാണെന്നു തിരിച്ചറിയുക ശ്രമകരമാണ്. ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമായതിനാൽ വ്യാപാരികൾ ശ്രദ്ധിക്കണമെന്നും പണയം വയ്ക്കാനൊ വിൽക്കാനോ എത്തുന്നവരുടെ തിരിച്ചറിയൽ രേഖ വിശദമായി പരിശോധിക്കണമെന്നും ഫോൺ നമ്പരിൽ വിളിച്ചുനോക്കി ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിച്ചു.
ഇടപാടുകാരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കണമെന്നും പോലീസിന്റെ കർശന നിർദ്ദേശമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ. മാരായ അനുരാജ് എം.എച്ച്., ജോർജ് പി.എം., ഷാബുമോൻ ജോസഫ്, ജയചന്ദ്രൻ വി.ആർ, ജോസഫ് ജോർജ്, എ.എസ്.ഐ. ബിനോയ് തോമസ്, എസ്.സി.പി.ഒ. അരുൺ ചന്ദ്, ഷീജ എൻ. എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments