ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിർത്തി വയ്ക്കുന്നു. റേറ്റിംഗ് ഏജൻസിയായ ബാർക്ക്(ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസർച്ച് കൗൺസിൽ)ആണ് ഇക്കാര്യം അറിയിച്ചത്.
റിപ്പബ്ലിക് ഉൾപ്പടെ മൂന്ന് ചാനലുകളാണ് ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചത്. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാർക്ക് റേറ്റിംഗിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങൾ സമ്പൂർണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോട്ടുകൾ പബ്ലിഷ് ചെയ്യുകയില്ലെന്ന് ബാർക്ക് പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
ടിആർപി കൃത്രിമവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദി മറ്റു പ്രാദേശിക ഭാഷകൾ, ബിസിനസ് മാധ്യമങ്ങൾ എന്നിവയുടെയെല്ലാം റേറ്റിംഗ് സംവിധാനം കർശനമായി പരിശോധിക്കും. അതേസമയം ഭാഷ-വിഭാഗം അടിസ്ഥാനത്തിൽ പൊതുഫലം പുറത്തു വിടുമെന്നും ബാർക്ക് കൂട്ടിച്ചേർത്തു.
0 Comments