പാലാ: റബ്ബർ വിലയിടിവിൽ പ്രതിഷേധിച്ചു യുവകർഷകൻ മൂന്നു വർഷമായ നൂറോളം റബ്ബർ മരങ്ങൾ വെട്ടിമാറ്റി. പാലാ നഗരസഭാ കൗൺസിലർ ടോണി തോട്ടമാണ് റബ്ബർ കൃഷി ലാഭകരമല്ലാത്ത സാഹചര്യത്താൽ റബ്ബർ മരങ്ങൾ വെട്ടിമാറ്റി റബ്ബർ കൃഷി രംഗത്തു നിന്നും പിൻമാറിയത്.
മൂന്നാനിയിലെ തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂന്നു വർഷം മുമ്പ് നട്ട നൂറോളം മരങ്ങളാണ് വെട്ടിമാറ്റിയത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റബ്ബർ മുറിച്ചു മാറ്റാനുള്ള വാൾ കൈമാറി. തുടർന്നു ടോണി തോട്ടം ആദ്യമരം മുറിച്ചു മാറ്റി.
നഷ്ടമായതിനാലാണ് റബ്ബർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ടോണി തോട്ടം പറഞ്ഞു. ലാഭകരമായ മറ്റേതെങ്കിലും കൃഷി ആരംഭിക്കും. ഉത്പാദന ചെലവിനും ജീവിത ചെലവിനും ആനുപാതികമായി മാനമില്ലാത്തത് റബ്ബർ കർഷകരെ പ്രതികൂലമായി ബാധിച്ചു. റബ്ബർ വെട്ടാൻപോലും ആളെ കിട്ടാത്ത അവസ്ഥയിലാണ് കർഷകരെന്ന് ടോണി ചൂണ്ടിക്കാട്ടി. റബ്ബറിനെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു.
പതിനായിരക്കണക്കിന് രൂപ ഇപ്പോൾ തന്നെ റബ്ബർ കൃഷിക്കുവേണ്ടി ചെലവാക്കി. കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ടിയാണ് റബ്ബർ മരങ്ങൾ മുറിച്ചു മാറ്റിയത്. കർഷകരുടെ താത്പര്യങ്ങൾക്കു വില കൽപ്പിക്കാത്ത റബ്ബർ ബോർഡ് പിരിച്ചുവിടുന്നതാണുചിതമെന്നും ടോണി തോട്ടവും എബി ജെ ജോസും പറഞ്ഞു.
0 Comments