Latest News

കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു.



 ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപടികള്‍ വൈകുകയാണെന്നാണ് ആക്ഷേപം. ഇതിനോടകം നിരവധി പ്രക്ഷോഭങ്ങള്‍ മേഖലയില്‍ നടന്നുകഴിഞ്ഞു. നഗരസഭാ പരിധിയിലെ കോവിഡ് രോഗികളുടെ എണ്ണവും ദിവസേന ഉയരുകയാണ്.



നാല്പതിനായിരത്തോളം ജനസംഖ്യയുള്ള ഈരാറ്റുപേട്ടയില്‍ മേഖലയിലെ ഏക ആതുരാലയമായ കുടുംബാരോഗ്യകേന്ദം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദിവസേന 500-ഓളം പേരാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ഒപി ഉച്ചവരെയാക്കിയപ്പോഴും 200 ലധികം പേരെത്തുന്നുണ്ട്.




 പ്രാഥമിക ചികിത്സകള്‍ മാത്രം ലഭ്യമാകുന്ന ഇവിടെ സ്‌പെഷ്യലൈസ്ഡ് ചികിത്സകള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടണം. പൊതുപ്രവര്‍ത്തകനായ മുഹമ്മദ് ഷെരീഫ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും 22 മാസങ്ങള്‍ക്കുശേഷവും തുടര്‍ നടപടികളുണ്ടായില്ല.



ഒരുതാലൂക്കില്‍ ഒരു താലൂക്കാശുപത്രിയെന്ന കണക്കു തെറ്റാണെന്ന് രേഖകള്‍ സഹിതം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ കെട്ടിട നിര്‍മാണത്തിനായി ഒന്നര ഏക്കറോളം സ്ഥലവും ആശുപത്രിയ്ക്ക് സ്വന്തമായുണ്ട്. നിലവില്‍ 24 പേരെ കിടത്തിച്ചികിത്സിയ്ക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇപ്പോള്‍ ദിവസേന 30-ലധികം പേര്‍ക്കാണ് നഗരസഭാ പരിധിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.



 നഗരസഭയിലെ ജനസാന്ദ്രതയും സമീപ 8 പഞ്ചായത്തുകളിലെ ആരോഗ്യമേഖലയിലെ പിന്നോക്ക വസ്ഥയും പരിഗണിച്ച് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.ഈ ഉത്തരവിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ നാട്ടുകാര്‍ അനുഭവിക്കുന്നതെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 

                             

Post a Comment

0 Comments