പാലാ: ഒരേ പേരുകൾ, ഒരേ പ്രായം, ഒരേ അസുഖം, ഒരേ ദിവസം ഓപ്പറേഷൻ അതും ഒരു ഡോക്ടർ തന്നെ നടത്തി. അപൂർവ്വതയ്ക്കു സാക്ഷ്യം വഹിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ.
സമാനമായ രോഗലക്ഷണങ്ങളുമായാണ് രണ്ടുപേരും ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയത്. ശ്വാസതടസ്സം, നട്ടെല്ലിന്റെ വിരൂപത, തോളെല്ല് പൊങ്ങിയിരിക്കുന്നു എന്നിവയായിരുന്നു ലക്ഷണങ്ങൾ. തുടർന്ന് MRI സ്കാനിംഗിന് ശേഷം നടത്തിയ വിദഗ്ദ്ധ രോഗനിർണയത്തിലൂടെ നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവായ സ്കോളിയോസിസ് ആണ് രണ്ടുപേർക്കും രോഗമെന്ന് കണ്ടെത്തുകയായിരുന്നു.
40 ഡിഗ്രിയിൽ കൂടുതൽ വളവുള്ളതിനാൽ ശസ്ത്രക്രിയയാണ് ഏറ്റവും ഉത്തമമെന്ന നിഗമനത്തിലെത്തുകയും അതനുസരിച്ചു ഒക്ടോബർ 8 നു ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് രണ്ടു പെൺകുട്ടികളും തമ്മിലുള്ള സാമ്യങ്ങൾ ഏവരുടെയും ശ്രദ്ധയിൽപ്പെടുന്നത്. ഒരേ പേരുകാരാണെന്നു മാത്രമല്ല രണ്ടുപേരും 17 വയസുകാരികളും കോട്ടയം സ്വദേശിനികളും കൂടെയാണെന്ന് മനസിലായി. അവിടെയും യാദൃശ്ചികത അവസാനിച്ചില്ല. രണ്ടുപേർക്കും ഒരേ ദിവസം തന്നെ ഒരേ ഡോക്ടറുടെ കീഴിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
നട്ടെല്ലിന്റെ ഇരുവശങ്ങളിലും സ്ക്രൂകളുടെ സഹായത്തോടെ ദണ്ഡുകൾ ഘടിപ്പിച്ചു ഇവ നട്ടെല്ലിനോട് കൂടിച്ചേരാനായി ബോൺ ഗ്രാഫ്ട് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ സ്കോളിയോസിസ് ശസ്ത്രക്രിയ ഡോ. ഓ റ്റി ജോർജിന്റെ നേതൃത്വത്തിലാണ് വിജയകരമായി പൂർത്തിയാക്കിയത്.
ഓർത്തോപീഡിക് വിഭാഗം കൺസൾറ്റൻറ് ഡോ. സാം സ്കറിയ, ഡോ. ഡിജു ജേക്കബ്, ഡോ. സുജിത് തമ്പി എന്നിവരോടൊപ്പം അനസ്തറ്റിസ്റ് ഡോ. ശിവാനി ബക്ഷി, ഡോ. സേവ്യർ ജോൺ തുടങ്ങിയവരുടെ സഹായത്തോടെയാണ് ആറുമണിക്കൂറോളം നീണ്ടുനിന്ന ശാസ്ത്രക്രിയകൾ പൂർത്തിയാക്കിയത്.
ഏവരിലും വിസ്മയമുണർത്തിയ പെൺകുട്ടികൾ ശസ്ത്രക്രിയക്കു ശേഷം തമ്മിൽ കണ്ടപ്പോൾ തന്നെ സുഹൃത്തുക്കളായെന്നതും സവിശേഷതയർഹിക്കുന്നു.
തുടർപരിശോധനകൾക്കും റീഹാബിലിറ്റേഷനും ശേഷം രണ്ടുപേരും ഒക്ടോബർ 19 നു, ഒരേ ദിവസം തന്നെ വീടുകളിലേക്ക് മടങ്ങി. രണ്ടുപേരും പൂർണ്ണസൗഖ്യം നേടിയ സന്തോഷത്തിലാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments