Latest News
Loading...

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു




പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടനത്തിൽ പറഞ്ഞു.  

പത്തനംതിട്ടയിലും കാസർകോടും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടിൽ നാലും ഇടുക്കിയിൽ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒൻപതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരിൽ പതിനൊന്നും കണ്ണൂരിൽ പന്ത്രണ്ടും സ്‌കൂൾ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ചത്. വരും തലമുറയെ കൂടി കണ്ടു കൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നടപ്പാക്കിയത്.



പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചർച്ച ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്.

നിലവിൽ കോവിഡ് 19 ഉയർത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.
പൊതുവിദ്യാലയങ്ങൾ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സർക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.



പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകൾ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ എന്നിവർ സംസാരിച്ചു.



54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ മൂന്നു വീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട് ഒൻപതും വയനാട്ടിൽ 17 ഉം കെട്ടിടങ്ങളാണ് നിർമിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെക്കുറിച്ച് സമൂഹത്തിന്റെ മനസിലുള്ള പഴയ ചിത്രം മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്ത് എവിടേയുമുള്ള മികവുറ്റ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അക്കാഡമിക് സൗകര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് തലയുയർത്തി പറയാനാവും.  അതിന്റെ പ്രകടമായ തെളിവാണ് ഓൺലൈൻ വിദ്യാഭ്യാസം. വിദ്യാലയങ്ങളും ക്‌ളാസ് മുറികളും ഹൈടെക്ക് ആക്കുന്നതിന് നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കാൻ അത് സഹായകരമായി.



സ്‌കൂളുകളിലെ സ്മാർട്ട് ക്‌ളാസ് റൂമുകളിൽ നിന്ന് അധ്യാപനം വീടുകളിലേക്ക് ഓൺലൈൻ ക്‌ളാസുകളിലൂടെ എത്തി എന്നതാണ് വ്യത്യാസം. ഇതിനുള്ള സംവിധാനം എല്ലാവർക്കും വീടുകളിലില്ലെന്ന പ്രശ്‌നവും വേഗത്തിൽ പരിഹരിക്കാനായി. ഇതിനുള്ള സൗകര്യമൊരുക്കാൻ സർക്കാരിനൊപ്പം സഹായവുമായി പലരും മുന്നോട്ടു വന്നു. ഇപ്പോഴത്തെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ നടത്താനായതിന്റെ മെച്ചം നാടിനും ഭാവിതലമുറയ്ക്കുമാണ്. ഒരു അക്കാഡമിക് വർഷം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി. ഓൺലൈൻ വിദ്യാഭ്യാസം ക്‌ളാസ് മുറികൾക്ക് പകരമാവില്ലെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments