ഹരിതകേരളം മിഷന്‍റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം.
ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 30 അടി ഉയരവുമുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) യിലാണ് ഇവിടെ മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നത്. പുനരുപയോഗസാധ്യമായവ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്.
ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇമേജ് എന്ന ഏജന്‍സിയും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമാണ് ഏറ്റെടുത്ത് നീക്കം ചെയ്തത്. ജൈവ മാലിന്യങ്ങള്‍ തൂമ്പൂര്‍മുഴി മാതൃകയിലുള്ള സംവിധാനത്തില്‍ ഇവിടെ തന്നെ സംസ്കരിച്ച് വളമാക്കിമാറ്റുകയായിരുന്നു.
എം.സി.എഫിന്‍റെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് ഇവിടെ സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ എം.അഞ്ജന മെഡിക്കല്‍ കോളേജ് അധികൃതരെയും ഇവിടെ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും അനുമോദിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്‍റെയും സഹകരണത്തോടെ മെഡിക്കല്‍ കോളേജ് വളപ്പില്‍ ഒരുക്കിയ പച്ചതുരുത്തും കളക്ടര്‍ സന്ദര്‍ശിച്ചു. രണ്ടേക്കറിലെ പച്ചത്തുരുത്തിന്‍റെ മികച്ച പരിപാലനത്തിനുള്ള അനുമോദന പത്രം കളക്ടര്‍ സമ്മാനിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, ആര്‍.എം.ഒ ആര്‍.പി. രഞ്ജിന്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ ഡോ. സരിത.എസ്. ഷേണായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.എസ്. ഷിനോ, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഉല്ലാസ്, ഷിബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments