Latest News
Loading...

കേന്ദ്രസര്‍ക്കാരിന്റെകാര്‍ഷിക ബില്ലുകള്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കും : കര്‍ഷക യൂണിയന്‍ (എം )



കേന്ദ്ര സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും  കൂടിയാലോചനയും നടത്താതെ  ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കര്‍ഷകാനുബന്ധ ബില്ലുകള്‍   കാര്‍ഷിക മേഖലയുടെ അസ്ഥിത്വത്തെ തന്നെ തകര്‍ക്കുന്ന ഒന്നാണെന്ന് കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കാര്‍ഷികോല്പന്ന സംഭരണം, കാര്‍ഷികോല്പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക കരാര്‍ ബില്‍ എന്നിവ പ്രവര്‍ത്തികമാകുന്നതോടെ കാര്‍ഷിക മേഖലയുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകും. കാര്‍ഷികമേഖലയുടെ  കാലോചിതമായ പരിഷ്‌കാരമല്ല ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് മറിച്ച് വന്‍കിട കോര്‍പ്പറേറ്റുകളുടെ  ലാഭക്കൊതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ്.


കൊറോണയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച മാന്ദ്യത്തിന് നടുവിലും കര്‍ഷകര്‍ പൊരുതി നേടിയ 3.4 ശതമാനം കാര്‍ഷിക വളര്‍ച്ചയെ  കണ്ടില്ലെന്ന് നടിച്ച് രാജ്യ വ്യാപക ചൂഷണത്തിനായി കര്‍ഷകരെ  കുത്തകകള്‍ക്ക് മുമ്പില്‍ വിട്ടു നല്‍കുകയാണ്  കേന്ദ്രസര്‍ക്കര്‍ ചെയ്യുന്നത്. യുപിഎ സര്‍ക്കാര്‍  തുടങ്ങിവച്ച തെറ്റായ കാര്‍ഷിക നയങ്ങള്‍  പിന്തുടരുന്ന എന്‍ഡിഎ സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരില്‍ നിന്നും പരിപൂര്‍ണമായി ഏറ്റെടുത്ത് കുത്തകവല്‍ക്കരണം നടപ്പാക്കുവാനാണ് പരിശ്രമിക്കുന്നത്. ഗാട്ട്, ആസിയാന്‍, കരാറുകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ ഇന്ത്യയുടെ ഹരിത ഭൂപടത്തെ തുടച്ചുമാറ്റും എന്നുറപ്പാണ്.


                                 


സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി കുത്തകകള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ വിഴുങ്ങുന്ന സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെടും. ചെറുകിട കര്‍ഷകന് അവന്‍ ആഗ്രഹിക്കുന്ന  വിളകള്‍ കൃഷി ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടാകും. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പാദന തൊഴിലാളികളായി കര്‍ഷകര്‍ മാറിയേക്കാം. കമ്പോളത്തില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കാര്‍ഷികഉല്‍പ്പന്നങ്ങള്‍ അമിത വിലയ്ക്ക് വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും.

   ഒരു രാജ്യം, ഒറ്റ വിപണി എന്ന മോഹനവാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതും മുന്‍കൂര്‍ പണം നല്‍കി കര്‍ഷകരുമായി കരാര്‍ വെച്ച് കൃഷി ചെയ്യുന്നതും കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അവശ്യ വസ്തു ഭേദഗതി നിയമം പാസ്സാകുന്നതോടെ ഭക്ഷ്യ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി കാര്ഷികോല്പന്നങ്ങള്‍ പരിധിയില്ലാതെ സംഭരിച്ചു വെക്കുന്നതിന് കാരണമാകും. . മുന്‍ വര്‍ഷങ്ങളില്‍ സവോളക്ക് വന്ന വിലക്കയറ്റം ഇതിന് ഒരു ഉദാഹരണം മാത്രമാണ്.



ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസൃതമായ കൃഷിയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി വന്‍കിട കുത്തകകള്‍ കാര്‍ഷിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ നമ്മുടെ പ്രകൃതിയുടെ സംതുലനാവസ്ഥ തന്നെ മാറുമെന്നും കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി . കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രൊട്ടോക്കോളിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ശക്തമായ സമരപരിപാടികള്‍ക്ക് കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി ഇതുസംബന്ധിച്ചുള്ള പാര്‍ട്ടി നിലപാട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും കേരള കോണ്‍ഗ്രസ്എം ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെ  കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യ്തു.



പ്രസിഡന്റ് റെജി കുന്നംകോട്ടിന്റെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന സൂം ആപ്‌ളിക്കേഷന്‍ വഴിയുള്ള ഓണ്‍ലൈന്‍  നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ സാം ഈപ്പന്‍, കെ പി ജോസഫ്, ജോണ്‍ പുളിക്ക പറമ്പില്‍, അലോഷ്യസ് എബ്രഹാം,ജോയി നടയില്‍, ജോസ് നിലപ്പന, പ്രേംചന്ദ് മാവേലി, സക്കറിയാസ് വലവൂര്‍, ഇസഡ് ജേക്കബ്, തോമസ് ജോണ്‍, ജോമോന്‍ മാമ്മലശ്ശേരി, കോയദ്ദീന്‍ മാസ്റ്റര്‍, ജോയി നടുക്കുടി, ജോസ് മുതു കാട്ടില്‍, ബേബി കറുക മാലില്‍, ഏഴംകുളം രാജന്‍, സേവ്യര്‍ കളരി മുറി, സിബിച്ചന്‍ കാളാശ്ശേരി, ജോസ് ഉള്ളാട്ടില്‍ വിജയന്‍ കക്കാട് കുഴി, അല്‍ഫോന്‍സ് കെ.എഫ്.തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments