Latest News
Loading...

കണ്ടയിന്റെമെന്റ് സോണിലെ ബാരിക്കേഡ് പൊളിച്ചു; കൗണ്‍സിലര്‍ക്കെതിരെ കേസ്




ഈരാറ്റുപേട്ട നഗരസഭയിലെ കണ്ടയിന്റ്‌മെന്റ് സോണായ നാലാം വാര്‍ഡില്‍ റോഡ് അടച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഷീറ്റുകള്‍ പൊളിച്ചുനീക്കിയ കൗണ്‍സിലര്‍ക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ പി.എച്ച് ഹസീബിനെതിരെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെയും വാര്‍ഡ് കൗണ്‍സിലറുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തത്.


രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ആണ് പി.എച്ച് ഹസീബ്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി നാലാം വാര്‍ഡ് നിലവില്‍ കണ്ടയിന്‍മെന്‍് സോണാണ്. ഇവിടേക്കുള്ള റോഡ് കഴിഞ്ഞ ദിവസം പോലീസും ആരോഗ്യ പ്രവര്‍ത്തകരും നഗര സഭയും ചേര്‍ന്ന് അടച്ചിരുന്നു. ഇതിന്റെ ഒരുഭാഗമാണ് തൊട്ടടുത്ത വാര്‍ഡ് മെമ്പര്‍ പൊളിച്ചു നീക്കിയത്. 


അതേസമയം, ഹൃദ്രോഗിയായ പ്രദേശവാസിയെ ആശുപത്രിയിലെത്തിക്കാനായി ബാരിക്കേഡിന്റെ ഒരു ഭാഗം പൊളിച്ചുനീക്കുകയാണുണ്ടായതെന്ന് ഹസീബ് വ്യക്തമാക്കി. ആരോഗ്യ കാര്യ ചെയര്‍മാന്‍ കൂടിയായ തന്റെ ഉത്തരവാദിത്വമാണത്. പൊളിച്ച ബാരിക്കേഡ് പുനസ്ഥിപിക്കലാണോ രോഗിയെ ആശുപത്രിയിലെത്തിക്കുകയാണോ തന്റെ ചുമതലയെന്നും ഹസീബ് ചോദിച്ചു. 

 തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചിലര്‍ വിഷയത്തെ രാഷ്ട്രീയ വല്‍കരിക്കുകയാണെന്നും ഹസീബ് കൂട്ടിച്ചേര്‍ത്തു.