Latest News
Loading...

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് രണ്ടാം ഘട്ടം 18 മുതല്‍



കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകളുടെ രണ്ടാം ഘട്ടത്തിന് സെപ്റ്റംബര്‍ 18ന് തുടക്കമാകും. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ആദ്യ അദാലത്ത്. 

അപേക്ഷകര്‍ക്ക് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് ജില്ലാ കളക്ടറോട് സംസാരിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം. 

കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ  അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇ-ആപ്ലിക്കേഷന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

വീടും സ്ഥലവും ലഭ്യമാക്കല്‍,  മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതി,  പ്രളയ ദുരിതാശ്വാസ ധനസഹായം,  റേഷന്‍ കാര്‍ഡ്, നിലം-തോട്ടം-പുരയിടം ഇനം മാറ്റം എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. 

  അപേക്ഷകളില്‍ വിശദ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് സെപ്റ്റംബര്‍ 18ന്  കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. വീഡിയോ കോണ്‍ഫറന്‍സിന്‍റെ സമയം അപേക്ഷകരെ ഫോണില്‍ അറിയിക്കും. നിര്‍ദ്ദിഷ്ട സമയത്ത് അപേക്ഷകര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. 

വീഡിയോ കോണ്‍ഫറന്‍സില്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള  മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് പങ്കുചേരും.

രജിസ്ട്രേഷനും വീഡിയോ കോണ്‍ഫറന്‍സും ഉള്‍പ്പെടെ അദാലത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.